HealthLIFE

വയറി​ന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന, പതിവായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങൾ

യറിൻറെ ആരോഗ്യം മോശമാകുന്നത് വ്യക്തികളെ വലിയ രീതിയിലാണ് ആകെയും ബാധിക്കാറ്. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ തുടങ്ങിയ പല പ്രശ്നങ്ങളും വയറിൻറെ ആരോഗ്യം അവതാളത്തിലായാൽ പതിവാകും. ചില ഭക്ഷണശീലങ്ങളും ഇത്തരം പ്രശ്നങ്ങൾ പതിവാക്കാം. ഇത് മനസിലാക്കി പ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കണം. അതുപോലെ തന്നെ വയറിന് ഗുണകരമായി വരുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. അത്തരത്തിൽ വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന, പതിവായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

  1. ചീര, മുരിങ്ങ അല്ലെങ്കിൽ ലെറ്റൂസ് എല്ലാം പോലത്തെ ഇലക്കറികളാണ് ഈ പട്ടികയിൽ വരുന്നൊരു ഭക്ഷണം. ഇവയെല്ലാം തന്നെ ഫൈബറിൻറെ നല്ല ഉറവിടങ്ങളാണ്. ഫൈബർ ദഹനപ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഘടകമാണ്. ദഹനം കൃത്യമായി നടക്കുന്നതിലൂടെ വയറിൻറെ ആരോഗ്യവും മെച്ചപ്പെടുന്നു.
  2. അപ്പം, പുട്ട്, ചപ്പാത്തി പോലുള്ള പലഹാരങ്ങളെല്ലാം ഉണ്ടാക്കാൻ ഇന്ന് മിക്ക വീടുകളിലും റെഡി-മെയ്‍ഡ് പൊടികൾ വാങ്ങിക്കുകയാണ് പതിവ്. എന്നാലിത്തരത്തിൽ പാക്ക് ചെയ്ത് വരുന്ന പൊടികളെക്കാൾ ധാന്യങ്ങൾ അങ്ങനെ ഭക്ഷണത്തിലുൾപ്പെടുത്തുന്നതാണ്. അല്ലെങ്കിൽ ധാന്യങ്ങൾ വീട്ടിൽ തന്നെ ഉണക്കി പൊടിച്ചെടുക്കുന്നതുമാകാം. മൈദ കഴിവതും ഒഴിവാക്കുന്നതും നല്ലതാണ്. കാരണം മൈദ വളരെയധികം പ്രോസസ് ചെയ്ത് വരുന്ന പൊടിയാണ്. ഇത് ഗുണങ്ങൾ നൽകില്ലെന്ന് മാത്രമല്ല- ദഹനത്തിന് പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ പതിവായി മൈദ കഴിച്ചാൽ അത് വയറിനെ ദോഷകരമായി ബാധിക്കാം. അതുകൊണ്ടാണ് പൊറോട്ട പതിവായി കഴിക്കരുതെന്ന് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.
  3. ലീൻ പ്രോട്ടീൻ അഥവാ കലോറി കുറഞ്ഞ, ഹെൽത്തിയായ പ്രോട്ടീൻ കഴിക്കുന്നതും നല്ലതാണ്. സാധാരണഗതിയിൽ ഇറച്ചിയാണ് പ്രോട്ടീന് വേണ്ടി ഏവരും ആശ്രയിക്കുന്നൊരു ഭക്ഷണം. എന്നാൽ ഇറച്ചി കഴിക്കുന്നത് കൂടുതലായാൽ അത് ആരോഗ്യത്തിന് ഭീഷണിയായി വരാം. പല തരത്തിലുള്ള ഭീഷണികളാണ് ഇറച്ചി ആരോഗ്യത്തിന് മുകളിൽ ഉയർത്തുന്നത്. കൊളസ്ട്രോൾ – അമിതവണ്ണം, ചില രോഗങ്ങളുടെ ഗൗരവം കൂട്ടുന്നത് അടക്കം പല രീതിയിലാണിവ പ്രവർത്തിക്കുക. പ്രത്യേകിച്ച് റെഡ് മീറ്റ് ( ബീഫ്, മട്ടൺ, പോർക്ക് തുടങ്ങിയവ). ഈ പ്രശ്നമൊഴിവാക്കാൻ ബീൻസ്, പയർ-പരിപ്പുവർഗങ്ങൾ, ടോഫു പോലുള്ള വിഭവങ്ങളെ പ്രോട്ടീന് വേണ്ടി ആശ്രയിക്കാം.
  4. ഡയറ്റിൽ നല്ലതുപോലെ പഴങ്ങൾ (ഫ്രൂട്ട്സ്) ഉൾപ്പെടുത്തുക. മധുരം കാര്യമായ അളവിൽ അടങ്ങിയ പഴങ്ങൾക്ക് പകരം മധുരം അൽപം കുറഞ്ഞ പഴങ്ങളാണ് നല്ലത്. ആപ്പിൾ, മാമ്പഴം എന്നിവയെല്ലാം മധുരം കൂടുതലുള്ള പഴങ്ങളാണ്. മറിച്ച് സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന ഓറഞ്ച്, മുന്തിരി, ബെറികൾ എല്ലാം കഴിക്കാം. ഇവയും ദഹനം എളുപ്പത്തിലാക്കുന്നു.
  5. കട്ടിത്തൈര് കഴിക്കുന്നതും വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നു. ഇതും പതിവായി തന്നെ കഴിക്കാവുന്നതാണ്. കട്ടിത്തൈരിൽ അടങ്ങിയിട്ടുള്ള ‘ലാക്ടിക് ആസിഡ് ബാക്ടീരിയ’ ആണ് വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നത്.

Back to top button
error: