റാഞ്ചി: ഝാര്‍ഖണ്ഡില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ പോലീസ് തൊഴിച്ചു കൊന്നതായി ആരോപണം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബൂട്ടിട്ട് തൊഴിച്ചുവെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ 6 പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഝാര്‍ഖണ്ഡിലെ ഗിരിദിഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കുഞ്ഞിന്റെ മുത്തച്ഛന്‍ ഭൂഷണ്‍ പാണ്ഡെയെ തേടിയാണ് പോലീസ് വീട്ടിലെത്തിയത്. പുലര്‍ച്ചെ 3.20ന് വീട്ടിലെത്തിയ പോലീസ് സംഘത്തെക്കണ്ട് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഓടിരക്ഷപ്പെട്ടു. കുഞ്ഞ് മാത്രം വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. പോലീസിന്റെ പരിശോധന കഴിഞ്ഞ ശേഷം വീട്ടിനകത്ത് കയറിയ കുടുംബം കണ്ടത് കുഞ്ഞ് മരിച്ചുകിടക്കുന്നതാണ്. പോലീസ് ബൂട്ടിട്ട് ചവിട്ടിക്കൊന്നുവെന്നാണ് കുഞ്ഞിന്റെ മാതാവ് നേഹ ദേവി ആരോപിക്കുന്നത്.
എന്നാല്‍, കുട്ടിയുടെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഇത് പരിശോധിച്ചശേഷം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.