KeralaNEWS

”ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പുരോഗമിക്കുന്നു, പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നന്ദി”… പ്രതീക്ഷ പങ്കുവെച്ച് നിമിഷപ്രിയ

കൊച്ചി: പ്രതീക്ഷകള്‍ പങ്കുവെച്ച് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായും ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നുമാണ് നിമിഷപ്രിയയുടെ പേരിലുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ.

”കോടതി നടപടികളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിനാവശ്യമായ പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നന്ദിയുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആക്ഷന്‍ കൗണ്‍സിലിനും നന്ദി അറിയിക്കുന്നു”- നിമിഷപ്രിയയുടെ വാക്കുകള്‍.

യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍, ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്.

2017 ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദി കൊല്ലപ്പെടുന്നത്. യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിമിഷപ്രിയ. അതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് നടത്തിയ ക്രൂരപീഡനം കൊലപാതകത്തിലേക്കു നയിച്ചുവെന്നാണ് നിമിഷപ്രിയ പറയുന്നത്. കൊലപാതകശേഷം മൃതദേഹം വീടിനുമുകളിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയയുടെയും ഇയാളുടെയും വിവാഹം കഴിഞ്ഞതായി രേഖകളുണ്ട്. എന്നാല്‍, ഇത് ലൈസന്‍സ് ആവശ്യങ്ങള്‍ക്ക് വേണ്ടി എടുത്തതാണ് എന്നായിരുന്നു നിമിഷയുടെ വാദം.

Back to top button
error: