IndiaNEWS

പി.എം.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന ഗുജറാത്ത് സ്വദേശി ജമ്മുകശ്മീർ സന്ദർശിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കശ്മീർ പൊലീസ്; ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ മകനോട് ഹാജരാകാൻ നിർദ്ദേശം

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന ഗുജറാത്ത് സ്വദേശി ജമ്മുകശ്മീർ സന്ദർശിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കശ്മീർ പൊലീസ്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കശ്മീർ എഡിജിപി വിജയ്കുമാർ പറഞ്ഞു. കിരൺ പട്ടേൽ ഉപയേഗിച്ച വ്യാജ വിസിറ്റിംഗ് കാർഡുകൾ കണ്ടെടുത്തു. കേസിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ മകനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ദിവസങ്ങളോളം ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ കിരൺ പട്ടേൽ ജമ്മു കാശ്മീരിലൂടെ കറ‍ങ്ങിയത് ഇന്റലിജൻസ് വീഴ്ചയല്ലെന്നാണ് കശ്മീർ എഡിജിപി വിശദീകരിക്കുന്നത്. സുരക്ഷാ ചുമതലയിലുള്ള ചില ഉദ്യോഗസ്ഥർക്കാണ് വീഴ്ച പറ്റിയത്. അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിജയ് കുമാർ പറഞ്ഞു. സംസ്ഥാന പൊലീസിന് നാണക്കേടായ കേസ് എത്രത്തോളം ഗൗരവത്തോടെ അധികൃതർ പരിഗണിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിജയ് കുമാറിന്റെ പ്രതികരണം. സംഭവത്തിൽ കേന്ദ്രവും കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

Signature-ad

മാർച്ച് രണ്ടിന് ശ്രീനഗറിലെ പഞ്ച നക്ഷത്ര ഹോട്ടലിൽനിന്നാണ് കിരൺ പട്ടേലിനെ പിടികൂടുന്നത്. ദില്ലിയിൽനിന്നുള്ള ഐബി ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഹോട്ടലിൽനിന്നും ഇയാൾ ഉപയോഗിച്ച വ്യാജ വിസിറ്റിംഗ് കാർഡും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഗുജറാത്തിൽ ഇയാൾക്കെതിരെ 3 കേസുകളുണ്ട്.

അതേസമയം ഗുജറാത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ മക്കളോടൊപ്പമാണ് കിരൺ പട്ടേൽ ജമ്മു കശ്മീരിലേക്ക് വന്നതെന്നും, അവർക്കാണ് സുരക്ഷ നൽകിയതെന്നുമാണ് കിരൺ പട്ടേലിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറയുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ മകനെ കേസിൽ ചോദ്യം ചെയ്യാൻ ജമ്മു കാശ്മീർ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. കിരൺ പട്ടേലിനെ അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്ന 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. ഇതിലൊരാളാണ് ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസിലെ പബ്ലിക് റിലേഷൻ ഓഫീസറുടെ മകനായ യുവാവ്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡീ. ഡയറക്ടറെന്ന് പറഞ്ഞ് കഴിഞ്ഞ മാസമാണ് പട്ടേൽ ആദ്യം ജമ്മുകാശ്മീരിലെത്തിയത്. ഫെബ്രുവരിയിൽ ജമ്മുവിലെ ആയുർവേദ റിസോർട്ടുകളെല്ലാം സൈനിക സുരക്ഷയിൽ സഞ്ചരിച്ച് സന്ദർശിച്ചു. ശ്രീനഗറിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിനോദസഞ്ചാരികളെ മേഖലയിലേക്ക് ആകർഷിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി കമാൻഡ് പോസ്റ്റും ലാല്ചൌക്കും സന്ദർശിച്ചു.

തിരിച്ച് ശ്രീനഗറിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ശ്രീനഗർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. ശ്രീനഗറിലെ നിഷാത് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും ജമ്മുവിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പട്ടേലിനെ പറ്റി അന്വേഷണം തുടങ്ങിയത്. ഗുജറാത്ത് എടിഎസും നേരത്തെ ശ്രീനഗറിലെത്തി പ്രതിയെ ചോദ്യം ചെയ്തിരുന്നു.

Back to top button
error: