IndiaNEWS

അമൃത്പാലിന് പിന്നില്‍ പാകിസ്ഥാന്‍? പഞ്ചാബ് കുട്ടിച്ചോറാക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: പഞ്ചാബിലെ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് ദുബായില്‍നിന്ന് ഇന്ത്യയിലെത്തിയതിനു പിന്നില്‍ പാകിസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍. അമൃത്പാലിലൂടെ പഞ്ചാബിനെ വീണ്ടും അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടാനുള്ള ഐഎസ്‌ഐ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. അമൃത്പാല്‍ സിങ് മുന്‍പ് ദുബായില്‍ ട്രക്ക് ഡ്രൈവറായിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള ഖലിസ്ഥാന്‍ അനുകൂലികളുടെ സഹായത്തോടെ ഇയാളെ ഖലിസ്ഥാന്‍ അനുകൂല മുന്നേറ്റത്തിന്റെ ഭാഗമാക്കിയത് ഐഎസ്‌ഐ ആണെന്ന് ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അമൃത്പാലിലൂടെ പഞ്ചാബില്‍ ഭീകരവാദത്തിന്റെ വിത്ത് പാകാന്‍ അവര്‍ ഒരുങ്ങുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

അമൃത്പാലിനെ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്നലെ അഭ്യൂഹം പ്രചരിച്ചിരുന്നു. അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അറസ്റ്റ് വിവരം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജലഝറിലെ മേഹത്പുര്‍ ഗ്രാമത്തില്‍ അമൃത്പാലിന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ് എന്നാണു റിപ്പോര്‍ട്ടുകള്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ ഇന്നു 12 വരെ വിലക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.

തീവ്ര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവായ അമൃത്പാലിനെ പിടികൂടാന്‍ ഇന്നലെ രാവിലെയാണ് പഞ്ചാബ് പൊലീസ് രംഗത്തിറങ്ങിയത്. മേഹത്പുരില്‍ വച്ചു വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങള്‍ മാറിക്കയറി അമൃത്പാല്‍ കടന്നുകളഞ്ഞു. അമൃത്പാലിന്റെ അനുയായികളായ 78 പേരെ അറസ്റ്റ് ചെയ്തു. വാഹനങ്ങള്‍ പോലീസ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അമൃത്പാലിന്റെ ജന്‍മസസ്ഥലമായ അമൃത്സറിലെ ജല്ലുപുര്‍ ഖേഡയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം, തട്ടിക്കൊണ്ടു പോകല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ 3 കേസുകള്‍ നിലവിലുണ്ട്.

അനുയായിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം അമൃത്പാലിന്റെ നേതൃത്വത്തിലുള്ള സംഘം തോക്കുകളും വാളുകളുമേന്തി അമൃത്സറിലെ അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. എസ്പി ഉള്‍പ്പെടെ 6 പൊലീസുകാര്‍ക്ക് അന്നു പരുക്കേറ്റു.

ഖലിസ്ഥാന്‍ ഭീകരന്‍ ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാല്‍ സിങ് (29) ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ല്‍ ബന്ധുവിന്റെ ദുബായിലെ സ്ഥാപനത്തില്‍ ജോലിക്കു കയറിയ ഇയാള്‍, കഴിഞ്ഞ വര്‍ഷമാണു പഞ്ചാബില്‍ മടങ്ങിയെത്തിയത്. 6 മാസം മുന്‍പാണ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാകുന്നത്. പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ മരണത്തിനു പിന്നാലെ അദ്ദേഹം സ്ഥാപിച്ച വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതൃസ്ഥാനം അമൃത്പാല്‍ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വധഭീഷണി മുഴക്കി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിധി അമിത് ഷായ്ക്കും നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: