മോഹൻലാൽ അതിഥി വേഷത്തിലും സറീന വഹാബ്, രവിശങ്കർ, നെടുമുടി വേണു എന്നിവർ മുഖ്യവേഷങ്ങളിലും അഭിനയിച്ച, കാമ്പസ് പ്രണയ കഥ ‘ഫുട്‍ബോൾ’ റിലീസ് ചെയ്‌തിട്ട് 41 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
കാമ്പസ് പ്രണയ കഥ പറഞ്ഞ ‘ഫുട്‍ബോൾ’ റിലീസ് ചെയ്‌തിട്ട് 41 വർഷം. 1982 മാർച്ച് 19 നായിരുന്നു മോഹൻ ലാൽ അതിഥി വേഷത്തിലും സറീന വഹാബ്, രവിശങ്കർ, നെടുമുടി വേണു ഇവർ മുഖ്യവേഷങ്ങളിലും അഭിനയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. പി സുശീലയുടെ മാസ്മരിക ഗാനങ്ങളിലൊന്നായ ‘മനസ്സിന്റെ മോഹം മലരായ് പൂത്തു’ ഈ ചിത്രത്തിലേതാണ്. കഥ സുബൈർ. തിരക്കഥ ശ്യാം കൃഷ്‌ണ. സംവിധാനം രാധാകൃഷ്ണൻ. ഇതേ വർഷം തന്നെ രാധാകൃഷ്ണന്റെ സംവിധാനത്തിൽ ‘അന്തിവെയിലിലെ പൊന്ന്’ എന്ന ചിത്രവും റിലീസ് ചെയ്‌തു.
കോളജിലെ ഫുട്ബോൾ താരമായ സണ്ണിയോട് (രവിശങ്കർ) കോളേജ്ബ്യൂട്ടി സെലിന് (സറീന വഹാബ്) പ്രണയമുണ്ടെന്ന് സണ്ണി തെറ്റിദ്ധരിക്കുന്നു. സ്വപ്‌നങ്ങളുടെ മായികലോകത്ത് വിഹരിച്ചിരുന്ന ഒരു കൂട്ടം യുവതയെ ആണ് സണ്ണി പ്രതിനിധീകരിച്ചത്. നായികയാവട്ടെ ഉള്ള് തുറന്ന സൗഹൃദ ഇടപെടലുകളിൽ, അതിൽ സംഭവിച്ചേക്കാവുന്ന സ്പർശനങ്ങളിൽ, തെറ്റ് കാണാത്തയാൾ. അങ്ങനെയിരിക്കെ മറ്റൊരാളുമായി അവളുടെ വിവാഹം കഴിഞ്ഞത് നായകന് സഹിക്കാനായില്ല.
കോളജിൽ നിന്നും ടൂർ പോയ സമയത്ത് എടുത്ത ഫോട്ടോകൾ വച്ച് അയാൾ അവളെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങി. ഭർത്താവറിഞ്ഞാൽ സംഭവിക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് അവൾ പറയുന്നത് അയാൾ കേൾക്കുന്നില്ല. അങ്ങനെയിരിക്കെയാണ് വിധി അപകടത്തിന്റെ രൂപത്തിൽ ഭർത്താവിന്റെ ജീവനെടുക്കുന്നത്. അത് നായകനെ പശ്ചാത്താപ വിവശനാക്കുന്നു. അതും വൈകിപ്പോയിരുന്നല്ലോ. അവസാനം കളിച്ച് നേടിയ ട്രോഫി സ്വീകരിക്കാനാവാതെ നായകനും കളിസ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുന്നു.
ജോൺസൺ സംഗീതം നിർവ്വഹിക്കുകയും പാടുകയും ചെയ്‌തു. അൻവർ സുബൈർ ആണ് ‘മനസിന്റെ മോഹം’ എഴുതിയത് (മുല്ലപ്പൂ മണമോ, മഴ പെയ്‌തു മണ്ണു കിളിർത്തു തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് നോവലിസ്റ്റ് അൻവർ സുബൈർ). പൂവ്വച്ചൽ ഖാദർ രചിച്ച് യേശുദാസ് പാടിയ ‘ഇതളില്ലാത്ത പുഷ്‌പം’ എന്നൊരു പാട്ട് കൂടിയുണ്ടായിരുന്നു.