മുംബൈ: വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിസ് ആദ്യ തോൽവി. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് മുംബൈക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറിൽ 127ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്‌റ്റോണാണ് മുംബൈയെ തകർത്തത്. ദീപ്തി ശർമ, രാജേശ്വരി ഗെയ്കവാദ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. 35 റൺസ് റൺസെടുത്ത ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറർ. ഹർമൻപ്രീത് കൗർ (25), ഇസി വോംഗ് (32) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. മറുപടി ബാറ്റിംഗിൽ യുപി 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
128 റൺസ് വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് യുപിക്ക് ലഭിച്ചത്. സ്‌കോർബോർഡിൽ 21 റൺസുള്ളപ്പോൾ ഓപ്പണർമാരായ ദേവിക് വൈദ്യ (1), അലീസ ഹീലി (8) എന്നിവർ മടങ്ങി. കിരൺ നാവ്‌ഗൈറും (12) നിരാശപ്പെടുത്തിയതോടെ യുപി മൂന്നിന് 27 എന്ന നിലയിലായി. എന്നാൽ തഹ്ലിയ മഗ്രാത് (38)- ഗ്രേസ് ഹാരിസ് (39) സഖ്യം ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി വിജയപ്രതീക്ഷ നൽകി. ഇരുവരും 44 റൺസ് കൂട്ടിചേർത്തു. മഗ്രാത്തിനെ പുറത്താക്കി അമേലിയ കേർ മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. ഗ്രേസിനേയും കേർ തന്നെ മടക്കി. അപ്പോഴേക്കും യുപിക്ക് വിജയപ്രതീക്ഷയായിരുന്നു. പിന്നീട് ദീപ്തി ശർമ (13)- എക്ലെസ്‌റ്റോൺ (16) സഖ്യം അവസാന ഓവറിൽ യുപിയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിൽ അഞ്ച് റൺസായിരുന്നു യുപിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. പന്തെറിഞ്ഞത് ഇസി വോംഗ്. ആദ്യ രണ്ട് പന്തുകളിലും താരം റൺസൊന്നും വിട്ടുകൊടുത്തില്ല. എന്നാൽ മൂന്നാം പന്തിൽ സിക്‌സ് നേടി സോഫി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, തുടർച്ചയായ അഞ്ച് വിജയങ്ങളുമായെത്തിയ മുംബൈയുടെ തുടക്കം തന്നെ പിഴച്ചു. സ്‌കോർബോർഡിൽ 39 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ മാത്യൂസ് (35), യഷ്ടിക ഭാട്ടിയ (7) എന്നിവർ മടങ്ങി. നതാലി സ്‌കിവർ (5), അമേലിയ കേർ (3) എന്നിവർ നിരാശപ്പെടുത്തി. ഇതിനിടെ ഹർമൻപ്രീതും മടങ്ങിയതോടെ അഞ്ചിന് 78 എന്ന നിലയിലായി മുംബൈ. പിന്നീട് ഇസിയാണ് മുംബൈയുടെ സ്‌കോർ 100 കടത്തിയത്. അമൻജോത് കൗർ (5), ഹുമൈമ കാസി (4), ധാര ഗുജ്ജാർ (3), സൈക ഇഷാഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ജിൻഡിമാണി കലിത (3) പുറത്താവാതെ നിന്നു.
മുംബൈ ഇന്ത്യൻസ്: ഹെയ്‌ലി മാത്യൂസ്, യഷ്ടിക ഭാട്ടിയ, നതാലി സ്‌കിവർ, ഹർമൻപ്രീത് കൗർ, അമേലിയ കേർ, ഇസി വോംഗ്, അമൻജോത് കൗർ, ഹുമൈറ കാസി, ധാര ഗുജ്ജാർ, ജിന്റിമാനി കലിത, സൈക ഇഷാഖ്.
യു പി വാരിയേഴ്‌സ്: അലീസ ഹീലി, ദേവിക വൈദ്യ, കിരൺ നാവ്‌ഗൈർ, തഹ്ലിയ മഗ്രാത്, ഗ്രേസ് ഹാരിസ്, ദീപ്തി ശർമ, സിമ്രാൻ ഷൈഖ്, സോഫി എക്ലെസ്‌റ്റോൺ, പർവശി ചോപ്ര, അഞ്ജലി ശർവാണി, രാജേശ്വരി ഗെയ്കവാദ്.