ബിഹാറിലെ 7 ജില്ലകൾ നിറയെ ലിച്ചിതോട്ടമാണ്. മാർച്ച് മാസം ലിച്ചി പൂക്കുന്ന കാലമാണ്. ഇവിടെ 30 ലക്ഷം തേനീച്ച പെട്ടികളെങ്കിലും ഉണ്ട്. ഒരു പെട്ടിയിൽ നിന്ന് 25 കിലോ തേൻ കിട്ടും. വളക്കൈ ‘മലബാർ ഹണി പാർക്ക്’ തേനീച്ച കർഷകരുടെ സഹായത്തോടെ ലിച്ചി തോട്ടങ്ങളിൽ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. സീസൺ അവസാനിക്കുന്നതോടെ ഇവിടെനിന്ന് ശേഖരിച്ച തേൻ കണ്ണൂരിലെത്തും. കണ്ണൂർ ‘മലബാർ ഹണി ആൻഡ് ഫുഡ് പാർക്ക്’ ആണ് ബിഹാറും പഞ്ചാബുമുൾപ്പെടെയുള്ള ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് തേൻ സംഭരിക്കുന്നത്.
ലിച്ചിക്കു പുറമെ കരഞ്ച്, ബെറി, കടുക് സൂര്യകാന്തി, മല്ലി, മുരിങ്ങ, ഞാവൽ, തുളസി എന്നിങ്ങനെ നീളുന്നു കണ്ണൂരിലെത്തുന്ന തേൻ വൈവിധ്യങ്ങൾ. പഞ്ചാബ്, തമിഴ്നാട്, കർണാടക, ആന്ധ്ര, ബിഹാർ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നായി പ്രതിവർഷം അഞ്ചുലക്ഷം കിലോ തേൻ ഇവിടെ സംഭരിക്കുന്നു.
കണ്ണൂർ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ തേൻ സംഭരണ സൊസൈറ്റി ആരംഭിച്ചത് 1996ലാണ്. തേൻവിൽപനയും, തേനീച്ച കൃഷി പ്രോൽസാഹിപ്പിക്കാനുമായി 2008ൽ ‘മലബാർ ഹണി’ തുടങ്ങി.
പല സംസ്ഥാനങ്ങളിലും സർക്കാരിന്റെ സാംപത്തിക സഹായത്തോടെ ‘മലബാർ ഹണി’ കർഷകർക്ക് തേനീച്ചവളർത്തലിൽ പരിശീലനം നൽകുന്നുണ്ട്. തേനീച്ച ഗ്രാമങ്ങളും ഒരുക്കുന്നു. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനുള്ള ഖാദി കമ്മിഷന്റെ ഫണ്ട് പ്രയോജനപ്പെടുത്തിയുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്.
നാൽപ്പതിലധികം ആളുകൾ തൊഴിൽ ചെയ്യുന്ന സംസ്കരണ കേന്ദ്രവും പാക്കിങ് യൂണിറ്റും ഇവിടെയുണ്ട്. ഓരോ വർഷവും 50,000 കിലോയോളം തേൻ മലേഷ്യൻ സ്ഥാപനമായ ‘മഗ്ഗിലി’നായി കയറ്റി അയക്കുന്നുമുണ്ട്.