Health

പ്രമേഹരോഗികൾ വായിക്കാൻ മറക്കരുതേ, ചായയിൽ പഞ്ചസാരയ്ക്കു പകരം കൃത്രിമ മധുരം ചേർത്താൽ പ്രമേഹത്തെ പ്രതിരോധിക്കാനാവുമോ…? വിലപ്പെട്ട വിവരങ്ങൾ

ഡോ. വേണു തോന്നയ്ക്കൽ

   ഒരു ചായയോ കോഫിയോ കുടിച്ചു കൊണ്ടാണ് നമ്മുടെ ഓരോ ദിനവും ആരംഭിക്കുന്നത്. വേണ്ടത്ര കടുപ്പവും ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു ചൂട് ചായയ്ക്ക് ഒരു പ്രത്യേക സുഖം തന്നെ. തണുപ്പു കാലമോ മഴക്കാലമോ ആയാൽ പിന്നെ പറയുകയും വേണ്ട.

ചായ പ്രേമികൾ നല്ല ചായയ്ക്കായി ചായക്കടകൾ തേടി പോകാറുണ്ട്. വിവിധ കടകളിൽ ഉണ്ടാക്കുന്ന ചായയുടെ രുചി മഹാത്മ്യം പലരും പറയുന്നത് കേട്ടിട്ടുണ്ട്. നന്നായി ചായയുണ്ടാക്കാൻ കഴിയുന്നത് ഒരു വലിയ ഗുണം തന്നെയാണ്. അതിനെ കൈപ്പുണ്യം എന്ന് നാം വിലയിരുത്താറുണ്ട്.

നന്നായി ചായ തയ്യാറാക്കി നൽകാൻ കഴിയുന്നു എന്ന ഒറ്റ കാരണത്താൽ ഒന്നുമില്ലായ്മയിൽ നിന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നേടിയ ഒരാളെ ഈ ലേഖകനറിയാം. ഒരുപക്ഷേ അത്തരത്തിൽ ഉള്ള വ്യക്തികളെ പലർക്കും പരിചയമുണ്ടാവും.

പത്രം വായിക്കാനും പ്രഭാതത്തിൽ ടോയ്‌ലറ്റിൽ പോകാനും ചായ വേണമെന്ന് നിർബന്ധമുള്ളവർ ഇത് വായിക്കുന്നവരിൽ ചിലരെങ്കിലും ഉണ്ടാവും. വീട്ടിൽ പശുവും കറവയും ഉണ്ട് എങ്കിലും അടുത്തുള്ള ചായക്കടയിൽ പോയി ഒരു ചായ കുടിക്കണം എന്ന് വാശിയുള്ള ഗ്രാമീണർ ഇന്നും ഉണ്ട്. അത്തരം ചായക്കടകളായിരുന്നു ഒരുകാലത്ത് നാട്ടിലെ വാർത്താവിനിമയ കേന്ദ്രങ്ങൾ. ചിലപ്പോൾ അത്തരം ഇടങ്ങളിൽ വാർത്തകൾ ജനിക്കുകയും ഗ്രാമം മുഴുക്കെ പെയ്തിറങ്ങുകയും ചെയ്യും.

പ്രശസ്ത എഴുത്തുകാരനും നാടക പ്രവർത്തകനുമായ ആർ. നന്ദകുമാറിന്റെ ആറ്റിങ്ങൽ ഉള്ള വീടിനടുത്ത് അത്തരമൊരു കുഞ്ഞ് ചായ പീടിക ഇന്നുമുണ്ട്. ആ കടയിൽ നിന്ന് നാട്ടിൻപുറ കാഴ്ചകൾക്കൊപ്പം ഒരു ചായ കുടിച്ചത് ഗൃഹാതുരത്വം പേറുന്ന ഓർമ്മയായി ഇന്നും പച്ചപിടിച്ചു നിൽക്കുന്നു. ചായക്കടയിലെ ചായക്കോപ്പയിൽ നിന്നുതിരുന്ന മണം തൻ്റെ സാഹിത്യ സൃഷ്ടികൾക്കുമുണ്ട് എന്ന് അദ്ദേഹം പറയുന്നു. കടയുടമ ഗോപി പിള്ള ചിരിച്ചു കൊണ്ട് അത് ശരി വയ്ക്കുകയും ചെയ്തു.

ചൂട് ചായ മോന്തി കുടിക്കുക. ഒപ്പം പേനയിൽ നിറച്ച മഷിലൂടെ അക്ഷരങ്ങൾക്ക് ജീവൻ നൽകുക. ഹോ…! എന്തൊരു സുഖം. അതൊരു ലഹരിയാണ്. വിപ്ലവ ചിന്തകൾക്ക് വീര്യം പകരാൻ ചായയുടെ മണത്തിനു പോലും കഴിയുമത്രേ! ആത്മാവിൽ കാമനകൾക്ക് ആകൃതി മെനയാൻ പോന്ന തേയിലക്കൂട്ട്.

അതവിടെ നിൽക്കട്ടെ. ചായ ലഹരിയിൽ ആറാടുമ്പോഴാണ് ഇടിത്തി പോലെ ആ വാർത്ത കേട്ടത്.
നാളെ മുതൽ ചായയിൽ പഞ്ചസാര അരുത്. പ്രമേഹമാണ്. രക്തത്തിൽ വേണ്ടതിലധികം പഞ്ചസാര ഉണ്ട്. ഡോക്ടറുടെ വിജ്ഞാപനം എത്തി. ഇനിയെന്താ ചെയ്യുക…?

നിരാശനായ ചായ കുടിയനെത്തേടി മറ്റൊരു സന്തോഷവാർത്ത വന്നു. ശിരസ്സിൽ സന്തോഷത്തിന്റെ വെടിപൊട്ടി.
കൃത്രിമ മധുരം ചേർത്ത ചായ കുടിച്ചു വിനോദിക്കാം. രുചിക്കുറവ് ഉണ്ടെങ്കിലും സാരമില്ല.
ഇനി പറയാനുള്ളത് കൃത്രിമ മധുരത്തിൽ ചായ ചേർത്ത് ചായ ലഹരിയിൽ പൂർവ്വാധികം കാമനകളോടെ അർമാദിക്കുന്നവരോടാണ്.

കൃത്രിമ മധുരം അരുത്. അത് നമ്മുടെ പ്രതിരോധശേഷി കുറയ്ക്കാനിടയാക്കും എന്ന് പുത്തൻ പഠനങ്ങൾ. മാത്രമല്ല പ്രമേഹ രോഗികൾ പ്രായേണ പ്രതിരോധശേഷി കുറവുള്ളവരുമാണ്.
അതിനാൽ കൃത്രിമ മധുരം ഉപേക്ഷിക്കാൻ ആവുമെങ്കിൽ അത്രയും നന്ന്. അല്ലാത്തപക്ഷം അവ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

Back to top button
error: