ഭൂമിയിലേക്കു വരുമ്പോൾ ഒന്നും കൊണ്ടു വരുന്നില്ല, ഒന്നും കൊണ്ടു പോകുന്നുമില്ല
വെളിച്ചം
ആ ഗ്രാമത്തില്‍ അന്ന് ഒരു കൊള്ളക്കാരന്‍ വന്നു. അയാള്‍ വീടുകളും വഴിയാത്രക്കാരെയും കൊള്ളയടിച്ചു. അപ്പോഴാണ് ഒരു സന്യാസിയെ കണ്ടത്. കൊള്ളക്കാരന്‍ സന്യാസിയോടും പറഞ്ഞു:
” നിങ്ങളുടെ കയ്യിലെ വിലപിടിപ്പുള്ളതെല്ലാം എനിക്ക് തരണം. അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ കൊല്ലും…”
സന്യസി പറഞ്ഞു:
“എന്റെ കയ്യില്‍ ആകെയുളളത് ഒരു മോതിരമാണ്. ഇതൊരു വിശേഷപ്പെട്ട മോതിരമാണ്. ഇത് ഞാന്‍ നിനക്ക് തരാം. പക്ഷേ, ഇത് നീ നിന്നില്‍ നിന്നും ഒരിക്കലും വേര്‍പിരിയാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. മറ്റൊരാള്‍ക്ക് കൊടുക്കാനോ വില്‍ക്കാനോ പാടില്ല…”
മോതിരം വാങ്ങി വീട്ടിലെത്തിയ കൊള്ളക്കാരന്‍ ആലോചിച്ചു. തന്നില്‍ നിന്നും ഒരിക്കലും വേര്‍പിരിയാത്ത സ്ഥലം ഏതാണ്…? അങ്ങനെ ഈ ലോകത്ത് ഒന്നും തന്നെ ഇല്ല എന്ന് അയാള്‍ക്ക് മനസ്സിലായി. ഈ ലോകത്ത് നിന്നും നമുക്ക് ഒന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്നും എന്ത് നേടിയാലും അതെല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ചിട്ട് പോകേണ്ടതുണ്ടെന്നും അയാള്‍ തിരിച്ചറിഞ്ഞു. നാം ഈ ലോകത്തേക്കു വരുമ്പോൾ ഒന്നും കൊണ്ടു വരുന്നില്ല, അതു പോലെ പോകുമ്പോള്‍ ഒന്നും തന്നെ കൊണ്ടുപോകാനും സാധിക്കില്ല. ഈ സത്യം മനസ്സിലാക്കിയാല്‍, ജീവിക്കുന്ന ഓരോ നിമിഷവും അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും.
സൂര്യനാരായണൻ
ചിത്രം: നിപുകമാർ