കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഒറ്റദിവസം കൊണ്ട് സ്വര്‍ണം പവന് 1200 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണം പവന് 44,240 രൂപയായി. ഗ്രാമിന് 150 രൂപ കൂടി 5530 രൂപയിലെത്തി. ഒരാഴ്ചയ്ക്കിടം 3520 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് സമീപകാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കു വര്‍ധനയാണിത്. വില 44,000 കടന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48,000 രൂപയോളം മുടക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാന പ്രകാരമാണ് ഇത്രയൂം വില നല്‍കേണ്ടിവരിക.
അമേരിക്കന്‍ വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡ് നിലയില്‍ കുതിക്കാന്‍ കാരണം. ഇന്നലെ വ്യാപാരാരംഭത്തില്‍ തന്നെ സ്വര്‍ണവില 1960 ഡോളര്‍ മറികടന്നു. 40 ഡോളറാണ് ഉയര്‍ന്നത്. 21നു ചേരുന്ന പണനയ അവലോകനയോഗത്തില്‍ ഫെഡറല്‍ റിസര്‍വ്, ബാങ്കിങ് മേഖലയെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വില ഇനിയും കൂടും. വില അടുത്ത ദിവസങ്ങളില്‍ 2000 ഡോളര്‍ കടന്നേക്കുമെന്നും 2500 വരെ എത്താമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ആനുപാതിക വിലക്കയറ്റം സംസ്ഥാനത്തുമുണ്ടാകും.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ട്രോയ് ഔണ്‍സിന് 700 ഡോളറായിരുന്ന വില 2011ല്‍ 1900 ഡോളറിലേക്ക് ഉയര്‍ന്നു. ഇതേസമയം സംസ്ഥാനത്ത് പവന് 9200 രൂപയായിരുന്ന വില 24,240 രൂപയിലേക്കാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ 1900 ഡോളര്‍ നിലവാരത്തില്‍ വീണ്ടും വിലയെത്തുമ്പോള്‍ സംസ്ഥാനത്ത് ഇരട്ടിയോളം വില അനുഭവപ്പെടുന്നതിന്റെ കാരണം രൂപയുടെ മൂല്യത്തകര്‍ച്ചയാണ്. ഇറക്കുമതി നികുതി 2ല്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയതും ആഭ്യന്തര വിപണിയിലെ വില വര്‍ധനയ്ക്കു കാരണമായി.
ബാങ്ക് തകര്‍ച്ചകള്‍ 2008ലെ പ്രതിസന്ധി ആവര്‍ത്തിക്കാനിടയാക്കുമോ എന്ന ഭയം മൂലം നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതിനിടെ അസംസ്‌കൃത എണ്ണവില കൂടി ഇടിഞ്ഞതു മാന്ദ്യ ഭീതി കൂട്ടി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന്റെ (31.1 ഗ്രാം തങ്കം) വില 1960 ഡോളര്‍ വരെ ഉയര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടാനിടയാക്കി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 60 ലക്ഷം രൂപ കടന്നു.