CrimeNEWS

വിവാഹത്തിനായി കാത്തിരുന്നിട്ടും കാമുകന്‍ എത്തിയില്ല; മാനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

കൊല്ലം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശിയായ അഖില്‍ ആണ് പിടിയിലായത്. കടയ്ക്കല്‍ സിഐ രാജേഷിന്റെ നേതൃത്തത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ ബെഗ്ലൂരുവില്‍ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി രാവിലെയാണ് പെണ്‍കുട്ടിയെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കാട്ടാമ്പളളി സ്വദേശിയായ അഖിലുമായി പെണ്‍കുട്ടി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിയില്‍ പെടുന്ന യുവതിയുമായുള്ള ബന്ധം അഖിലിന്റെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു.

എതിര്‍പ്പിനിടെ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി പെണ്‍കുട്ടി അഖിലിനോടെപ്പം പോയിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുകള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആളൊഴിഞ്ഞ ഷെഡില്‍ നിന്നു അഖിലിനോടെപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. ഇവരെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി. പ്രണയത്തിലാണന്നും വിവാഹം കഴിക്കാനാണ് വീടുവിട്ടതെന്നും ഇവര്‍ മൊഴി നല്‍കി.

കഴിഞ്ഞ ഇരുപത്തിനാലിന് ഇട്ടിവ ഗ്രാമപഞ്ചയത്തില്‍ വെച്ച് വിവാഹം കഴിക്കാമെന്ന് അഖില്‍ പെണ്‍കുട്ടിക്കും അവരുടെ ബന്ധുകള്‍ക്കും ഉറപ്പ് നല്‍കി. എന്നാല്‍ പെണ്‍കുട്ടി വിവാഹത്തിന് തയ്യാറായി പഞ്ചായത്തിലെത്തി വൈകുന്നേരംവരെ കാത്തിരുന്നങ്കിലും അഖില്‍ എത്തിയില്ല. ഇയാളുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോയ പെണ്‍കുട്ടി കിടപ്പ് മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഖില്‍ മകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപികും പരാതി നല്‍കി.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസ് ഉപരോധിക്കാനിരിക്കെയാണ് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രതേക അന്വേഷണ സംഘം ബെഗ്ലൂരുവില്‍ നിന്ന് അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി/വര്‍ഗ പീഡന നിരോധന നിയമം, ബലാത്സംഗം, വഞ്ചനാകുറ്റം എന്നിവ ചുമത്തി കേസെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: