ഹൈദരാബാദ്: ഇന്ത്യയ്ക്ക് അഭിമാനമായിരുന്നു ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ രണ്ട് അവാര്‍ഡുകളാണ് നേടിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയപ്പോള്‍. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം എന്നതിനുള്ള പുരസ്കാരം ‘എലിഫന്‍റ് വിസ്പേര്‍റേഴ്സ്’ നേടി.
ഇതില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ സംഗീത സംവിധായകന്‍ കീരവാണിയും, പാട്ടിന്‍റെ രചിതാവ് ചന്ദ്രബോസും ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി. തെലുങ്കിലെ മുന്‍നിര ഗാന രചിതാവാണ് ചന്ദ്രബോസ്. ഇപ്പോള്‍ ഒരു പോസ്റ്റില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ചന്ദ്രബോസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ച മാര്‍ച്ച് 13ന് ഇട്ട പോസ്റ്റില്‍ എസ്എഫ്ഐ തെലങ്കാന സംസ്ഥാനത്തിന്‍റെ പേജില്‍ ചന്ദ്രബോസ് തങ്ങളുടെ പഴയ നേതാവാണ് എന്ന് എസ്എഫ്ഐ പറയുന്നു. എസ്എഫ്ഐ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനവും പോസ്റ്റിലുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ചന്ദ്രബോസിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ
രാമന്തപൂർ പോളിടെക്‌നിക് കോളേജിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥി നേതാവായിരുന്ന പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ചന്ദ്രബോസിന് നാട്ടു നാട്ടു പാട്ടിലൂടെ ഓസ്‌കാർ അവാർഡ് നേടി. ഇദ്ദേഹത്തിന് എസ്. എഫ്. ഐ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ.
സംയുക്ത വാറങ്കൽ ജില്ലയിലെ പരകാല നിയോജക മണ്ഡലത്തിലെ ചില്ലഗരിഗ ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം താജ്മഹൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണെങ്കിലും കുട്ടിക്കാലം മുതലേ പാട്ടുകളോടുള്ള അഭിനിവേശം വളർത്തിയെടുത്താണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നത്. അദ്ദേഹം ഒരു ഗാനരചയിതാവ് മാത്രമല്ല. പിന്നണി ഗായകൻ കൂടിയാണ്.
രാജ്യം അഭിമാനിക്കുന്ന തരത്തിൽ ഓസ്കാർ അവാർഡ് നേടിയ ചന്ദ്രബോസു സഹോദരന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങൾ.