KeralaNEWS

എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര തീരുമാനം; തൊഴിലാളികളെ മാറ്റി നിയമിക്കില്ല

കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡിന്റെ കേരള യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉല്‍പ്പാദന ചെലവും നടത്തിപ്പ് ചെലവും വര്‍ധിച്ചത് ചൂണ്ടിക്കാട്ടി ആലുവ ഉദ്യോഗമണ്ഡലിലെ പ്ലാന്റ് പൂട്ടാനാണ് തീരുമാനിച്ചത്. തൊഴിലാളികളെ മാറ്റിനിയമിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ ലോക്സഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രിയുടെ മറുപടി.

തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റ് പിന്നീട് പ്രതിസന്ധിയിലാവുകയായിരുന്നു. ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം നിരവധി ജീവനക്കാര്‍ക്ക് അഞ്ചുമാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ല. അടച്ചുപൂട്ടല്‍ തീരുമാനത്തിന് മുന്നോടിയായി നിരവധി ജീവനക്കാരെ മുംബൈയിലെ മുഖ്യ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ മലേറിയ വ്യാപനം തടയാന്‍ ഡിഡിടി ഉല്‍പ്പാദനത്തിനാണ് ഏലൂര്‍ ഉദ്യോഗമണ്ഡലില്‍ 1954ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 33 ഏക്കറില്‍ എച്ച്‌ഐഎല്‍ സ്ഥാപിച്ചത്. പിന്നീട് എന്‍ഡോസള്‍ഫാന്‍, ബിഎച്ച്സി എന്നിവയും ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. പരിസ്ഥിതിപ്രശ്നങ്ങളെ തുടര്‍ന്ന് ബെന്‍സീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനികളുടെ ഉല്‍പ്പാദനം 1996 ലും എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം 2011 ലും ഡിഡിടി ഉല്‍പ്പാദനം 2018 ലും അവസാനിപ്പിച്ചു.

ഉല്‍പ്പാദന വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി 2018 ലാണ് ഹില്‍ (ഇന്ത്യ) എന്ന് പേര് മാറ്റിയത്. പിന്നീട് ജൈവ ഉല്‍പ്പന്നങ്ങളിലേക്ക് ചുവടുമാറ്റി. നിലവില്‍ മൂന്നു പ്ലാന്റുകളാണ് ഉദ്യോഗമണ്ഡല്‍ യൂണിറ്റിലുള്ളത്. ഇവിടെ മാനേജ്‌മെന്റ് വിഭാഗം ഉള്‍പ്പെടെ 64 സ്ഥിരം ജീവനക്കാരും ആറ് കരാര്‍ തൊഴിലാളികളുമുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: