CrimeNEWS

സ്വപ്നയും വിജേഷും ഗൂഢാലോചന നടത്തി വീഡിയോ തയ്യാറാക്കി; പരാതി നല്‍കി സിപിഎം

കൊച്ചി: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരേ പരാതി നല്‍കി സിപിഎം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും എം.വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി. തളിപ്പറമ്പ് എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്.

സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമ്മച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

എന്നാല്‍, പരാതില്‍ പോലീസ് ഇതുവരെ എഫ്‌ഐആര്‍ എടുത്തിട്ടില്ല. ചില നിയമോപദേശം ലഭിക്കേണ്ടതുണ്ട് എന്നാണ് വിവരം. പോലീസ് എഫ്‌ഐആര്‍ എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സ്വപ്ന ബംഗളുരുവിലെ കെ.ആര്‍ പുര പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. 30 കോടി രൂപ നല്‍കാമെന്നും കൈയ്യിലുള്ള മുഴുവന്‍ തെളിവുകളും നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്.

സ്വപ്നയുടെ പരാതിയില്‍ വധഭീഷണിക്കേസാണ് വിവിധ വകുപ്പുകള്‍ ചുമത്തി കെആര്‍ പുര പോലീസ് വിജേഷിനെതിരെ എടുത്തിരിക്കുന്നത്. സംഭവത്തില്‍ സ്വപ്ന ബംഗളുരു പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നടത്തിയ ആരോപണത്തില്‍ അദ്ദേഹം സ്വപ്നയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Back to top button
error: