IndiaNEWS

17 പ്രതിപക്ഷ കക്ഷികൾ ഒരു കുടക്കീഴിൽ, അദാനി വിഷയത്തിൽ ഇഡി ഓഫിസ് മാർച്ചിലാണ്  പ്രതിപക്ഷ സംഗമം

   അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 17 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്നലെ ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രകടനം പാർലമെന്റിനു പുറത്ത് വിജയ് ചൗക്കിൽ പൊലീസും അർധസേനാ സംഘവും ചേർന്നു തടഞ്ഞു.   ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് തടയാന്‍ ഡല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും 10 മൊബൈല്‍ വാനുകള്‍ വിന്യസിക്കുകയും ചെയ്തിരുന്നു..

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള പ്രകടനം ഈ വിഷയത്തിലുള്ള പ്രതിപക്ഷ ഐക്യത്തിനു തെളിവായി. തൃണമൂൽ, ബി.എസ്.പി പാർട്ടികൾ മാത്രമാണു വിട്ടുനിന്നത്. കോൺഗ്രസുമായി മറ്റു വിഷയങ്ങളിൽ അകലം പാലിക്കുന്ന ബി.ആർ.എസ്, ആം ആദ്മി പാർട്ടികളും പങ്കെടുത്തു. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ തൃണമൂൽ ഒറ്റയ്ക്കു പ്രതിഷേധിച്ചു. അദാനി വിഷയത്തിൽ പരാതിയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

പാർലമെന്റിൽ നിന്നു പ്രകടനമായി നീങ്ങിയ പ്രതിപക്ഷ എംപിമാരെ ബാരിക്കേഡുകൾ വച്ചാണു പൊലീസ് തടഞ്ഞത്. ഇ.ഡി ഡയറക്ടർക്കു നിവേദനം നൽകാനാണു പോകുന്നതെന്നും പ്രകടനം സമാധാനപരമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയെങ്കിലും പൊലീസ് വഴങ്ങിയില്ല.

എംപിമാരെ മുഴുവൻ വിടേണ്ടെന്നും ഇ.ഡി ഡയറക്ടർക്കു നിവേദനം നൽകാൻ ഏതാനും നേതാക്കളെയെങ്കിലും അനുവദിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഇ.ഡി ഡയറക്ടറെ പൊലീസ് ഫോണിൽ വിളിച്ചറിയിച്ചു. ആരിൽ നിന്നും നിവേദനം വാങ്ങില്ലെന്ന് ഡയറക്ടർ മറുപടി നൽകി. തുടർന്ന് എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചു. ഖർഗെയുടെ പ്രസംഗത്തിനു ശേഷം പാർലമെന്റിലേക്കു മടങ്ങി.

ഡിഎംകെ, സിപിഎം, ജെഡ‍ിയു, ആർജെഡി, എൻസിപി, എസ്പി, ശിവസേന (ഉദ്ധവ് താക്കറെ), സിപിഐ, ജെഎംഎം, മുസ്‍ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (മാണി), എംഡിഎംകെ, നാഷനൽ കോൺഫറൻസ് എന്നീ കക്ഷികളും പ്രകടനത്തിൽ അണിനിരന്നു.

യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച്, അദാനി ഗ്രൂപ്പ് സ്റ്റോക്കില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ചിരുന്നു. സ്റ്റോക്ക് വില വര്‍ദ്ധിപ്പിക്കാന്‍ ഓഫ്ഷോര്‍ ഷെല്‍ കമ്പനികളെ ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: