KeralaNEWS

ഭരണ നേതൃത്വമേ കണ്ണുതുറക്കൂ, മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും വിപ്ലവകരമായ കണ്ടുപിടുത്തവുമായി മലയാളികള്‍; 186 രാജ്യങ്ങളുടെ അംഗീകാരം

   മാലിന്യങ്ങളുടെ വിഷപ്പുകയിൽ കേരളം വീർപ്പുമുട്ടുമ്പോൾ മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും പുതിയ കണ്ടുപിടുത്തവുമായി മലയാളികൾ. കണ്ണൂര്‍ പയ്യാമ്പലം സ്വദേശി എന്‍.ടി മഹേഷ്, താഴെചൊവ്വ സ്വദേശി കെ.പി ലിജേഷ് എന്നിവര്‍ക്ക് ഇതിന് പേറ്റൻ്റും ലഭിച്ചു. മാലിന്യ സംസ്‌കരണവും മാലിന്യങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതുമടക്കമുളള വിവിധ കണ്ടുപിടുത്തങ്ങള്‍ക്കാണ് പേറ്റെന്റ് ലഭിച്ചത്.

ഖര, ദ്രാവക, വാതക മാലിന്യ സംസ്‌കരണം അവയുടെ പുനരുല്‍പ്പാദനം, മലിനജല ശുദ്ധീകരണം, പലതരത്തിലുളള അപകടകാരികളായ വാതകങ്ങള്‍ ഇല്ലാതാക്കാനും നീക്കം ചെയ്യാനുമുളള സാങ്കേതിക വിദ്യയും മെഷിനറികളും കണ്ടുപിടുത്തം പ്രദാനം ചെയ്യുന്നു. കൂടാതെ അറവുശാല മാലിന്യങ്ങള്‍, പച്ചക്കറി മാലിന്യങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി എല്ലാതരം ജൈവമാലിന്യങ്ങളും ഇരുമ്പ്, സ്റ്റീല്‍, ടിന്‍, തുണികള്‍, ചെരുപ്പ്, പേപ്പര്‍, പ്ലാസ്റ്റിക്ക്, റബര്‍, തെര്‍മോകോള്‍ തുടങ്ങി വിവിധ വസ്തുക്കള്‍, ഇ മാലിന്യങ്ങള്‍ പ്രധാനമായും കെമിക്കല്‍സ് അടങ്ങിയ ട്യൂബ് ലൈറ്റ് പോലുളളവയില്‍ നിന്നും രാസമാലിന്യങ്ങള്‍ നീക്കം ചെയ്ത് പുനരുല്‍പ്പാദനം ചെയ്യാനുളള സാങ്കേതിക വിദ്യ, ബയോ മൈനിംഗ് എല്ലാതരം മാലിന്യങ്ങള്‍ കൂടിക്കലര്‍ന്ന മണ്ണ് നിറഞ്ഞ് നില്‍ക്കുന്ന ബ്രഹ്‌മപുരം പോലുളള വലിയ കുന്നുകള്‍ അതില്‍ നിന്നും പ്ലാസ്റ്റിക്, മെറ്റല്‍, ഇരുമ്പുരുക്ക്, ചപ്പുചവറുകള്‍ മുതലായവ നീക്കം ചെയ്യാനും അതിലെ മണ്ണില്‍ നിന്ന് സ്വര്‍ണം പോലുളള വിലയേറിയ ലോഹാംശങ്ങള്‍ ബയോ ലീചിങ് പ്രോസസിലൂടെ വേര്‍തിരിക്കാനുളള സാങ്കേതിക വിദ്യ, റീസൈക്ലിംഗ് ചെയ്യാന്‍ സാധ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകളില്‍ നിന്നും ബയോ ഡീസല്‍ നിര്‍മാണം, ഡിഗ്രേഡബിളായ ചപ്പുചവറുകള്‍, അറവുശാല മാലിന്യങ്ങള്‍, പച്ചക്കറി മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും സിഎന്‍ജി ഗ്യാസ് നിര്‍മിക്കുവാനുളള സാങ്കേതിക വിദ്യയും രണ്ടുപേരും ചേര്‍ന്ന് നിര്‍മിച്ച് പേറ്റന്റ് ലഭിച്ച കണ്ടുപിടുത്തത്തില്‍ ഉള്‍പ്പെടും.

ഇതെല്ലാം ഉള്‍ക്കൊളളുന്ന കംപ്യൂടര്‍ സോഫ്റ്റ് വെയറും മൊബൈല്‍ അപ്ലികേഷനും പേറ്റന്റ് ലഭിച്ച കണ്ടുപിടുത്തത്തിന്റെ ഭാഗമാണ്. 186 രാജ്യങ്ങള്‍ അംഗീകരിച്ചതാണ് പേറ്റന്റ്. ഇരുപത് വര്‍ഷത്തിലധികമായി വെയ്സ്റ്റ് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹേഷ് ആധുനിക കാലഘട്ടത്തില്‍ സമൂഹത്തിലുണ്ടായിരിക്കുന്ന മാലിന്യത്തിന്റെ അളവിലുണ്ടായിരിക്കുന്ന വര്‍ധനവിലെ ആശങ്കയും ഇവ നീക്കം ചെയ്യാനുളള പുതിയ കണ്ടെത്തലുകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയുമാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയതെന്നും ഇ വെയ്സ്റ്റ് കൈകാര്യം ചെയ്യുന്ന കാര്യത്തിലടക്കം നമ്മുടെ സംസ്ഥാനം ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇതിന് തങ്ങളുടെ സംരംഭത്തിന് വളരെ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും ഇരുവരും പറഞ്ഞു.

വാണിജ്യ-വ്യവസായ താല്‍പ്പര്യങ്ങളോടെയല്ല ഇത്തരം ഒരു ശ്രമമെന്നും നാടിനോടുളള കടപ്പാടു കൂടിയാണ് ഇതിന് പിന്നിലെന്നും മഹേഷ് പറഞ്ഞു. ലോകത്ത് ഏത് കംപനികളും സര്‍കാരും ആവശ്യപ്പെട്ടാലും സേവനം ലഭ്യമാക്കാന്‍ തങ്ങള്‍ തയാറാണെന്നും ഇരുവരും പറഞ്ഞു. ഈ നേട്ടത്തിന്‍ പിന്നില്‍ മഹേഷിന്റെ ഭാര്യ കെ.പി ബിയാസിനയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: