KeralaNEWS

കൊടും ചൂടിൽ പ്രതീക്ഷ പകർന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ വേനൽ മഴയെത്തി; കൊച്ചിയിലെ ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴ

    കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന കലാവസ്ഥ നിരീക്ഷണ കേന്ദ്രം വേനൽ മഴ പ്രവചിച്ചു കൊണ്ടിരിക്കുന്നു. ഒടുവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വേനല്‍ മഴയെത്തി. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം  ജില്ലകളില്‍ മഴ പെയ്തു. ബ്രഹ്‌മപരും തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയാണ് കൊച്ചിയില്‍ പെയ്തത്.

അന്തരീക്ഷത്തില്‍ വിഷപ്പുകയുടെ സാന്നിധ്യം ഉള്ള സാഹചര്യത്തില്‍ മഴ പെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

രാത്രി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്.

വേനലില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വേനൽ മഴ പ്രവചനം. ശനിയാഴ്ച രാത്രി മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയാണ് പ്രവചിച്ചത്. മഴയെത്തുന്നതോടെ കടുത്ത വേനൽ ചൂടിന് ശമനമായേക്കും എന്നാണ് പ്രതീച്ചിച്ചത്. പ്രധാനമായും മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴ മുന്നറിയിപ്പുള്ളത്. തുടർന്ന് അടുത്ത ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. 42.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ചൂട് കഠിനമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നൽകിയിരുന്നു. കോട്ടയം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സൂര്യാതപ സാധ്യതക്കുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: