തൃശ്ശൂർ: തൃശ്ശൂരിലെ സദാചാര കൊലപാതകത്തിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിലായി. ചേർപ്പ് സ്വദേശി നവീനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സഹറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളായ ഗിഞ്ചുവിനെ നാട്ടിൽ നിന്ന് വാഹനത്തിൽ കൊച്ചിയിൽ എത്തിച്ചതിനാണ് നവീനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് ഗിഞ്ചുവിനെ ഇയാൾ കൊച്ചിയിലാക്കിയത്. ഗിഞ്ചു എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നാണ് നവീൻ പൊലീസിന് നൽകിയ മൊഴി. ഗിഞ്ചുവിന്‍റെ അടുത്ത സുഹൃത്താണ് ഇയാൾ.
ഇതോടെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് നാടുവിടാൻ സാമ്പത്തികമായി സഹായിച്ചതിനാണ് ഇവർ അറസ്റ്റിലായത്. ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിത സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മർദ്ദിച്ചത്. ആന്തരിക അവയവങ്ങൾക്ക് അടക്കം പരിക്കുപറ്റിയ സഹർ ചികിത്സയിൽ ഇരിക്കെ മാർച്ച് ഏഴിന് മരിച്ചു.