ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ യോഗത്തില്‍ പൊട്ടിത്തെറിച്ച് എംപിമാരായ എം.കെ.രാഘവനും കെ.മുരളീധരനും. അപമാനിതരായി മത്സരിക്കാനില്ലെന്ന് ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ ഇരുവരും അറിയിച്ചു. ഇരുവര്‍ക്കും മറ്റ് എംപിമാരുടെ പിന്തുണയും ലഭിച്ചു. തെറ്റിദ്ധാരണകള്‍ നീക്കാമെന്ന് കെ. സുധാകരന്‍ ഉറപ്പ് നല്‍കി.
കെ.മുരളീധരനും എം.കെ.രാഘവനും എതിരെ അച്ചടക്കലംഘനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അയച്ച കത്ത് പിന്‍വലിക്കാന്‍ മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തീരുമാനമായി. കത്തയച്ചത് ഉചിതമായില്ലെന്ന എംപിമാരുടെ അഭിപ്രായം സുധാകരന്‍ അംഗീകരിച്ചു. പുനഃസംഘടനയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി സംസ്ഥാനതല സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കാനും ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ എംപിമാരുടെ അഭിപ്രായം തേടാനും തീരുമാനിച്ചു.
ഇരുവര്‍ക്കും കത്തയച്ചതിലൂടെ അധികാരം പ്രയോഗിച്ചതല്ലെന്നും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും യോഗശേഷം സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി കാര്യങ്ങളില്‍ സുധാകരന്‍ കൂട്ടായ ചര്‍ച്ച നടത്തുന്നില്ലെന്ന് ആരോപിച്ച് 7 എംപിമാര്‍ കഴിഞ്ഞ ദിവസം തന്നെ കണ്ടതിന്റെ തുടര്‍ച്ചയായാണ് വേണുഗോപാല്‍ വീട്ടില്‍ അനുനയ ചര്‍ച്ച നടത്തിയത്. കെപിസിസി പ്രസിഡന്റിനൊപ്പമുള്ള ജനറല്‍ സെക്രട്ടറിയടക്കം 4 പേരാണു കെപിസിസിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് യോഗത്തില്‍ ഏതാനും എംപിമാര്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ നിന്ന് മുന്‍പ് രാജിവച്ചയാളെയാണ് അറ്റാച്ച്ഡ് സെക്രട്ടറി എന്ന പേരില്‍ സുധാകരന്‍ നിയമിച്ചത്. പ്രസിഡന്റിന്റെ ആള്‍ക്കാരാണെന്നു പറഞ്ഞ് ജില്ലാ നേതൃത്വങ്ങളെ ഇവര്‍ നിയന്ത്രിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. തന്റെ മണ്ഡലത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കോഴിക്കോട്ടെ ജില്ലാ നേതൃത്വം അനുവദിക്കുന്നില്ലെന്നും നേതൃത്വത്തിന്റെ കത്തില്‍ താന്‍ അപമാനിതനായെന്നും രാഘവന്‍ വികാരാധീനനായി പറഞ്ഞു. പുനഃസംഘടനാ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി സംസ്ഥാനതല സമിതിക്കു രൂപം നല്‍കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അക്കാര്യം കേരളത്തില്‍ തീരുമാനിക്കാമെന്നു ധാരണയായി.