Movie

ചരിത്രത്തിൽ ഇടം നേടിയ ‘ജീവിതനൗക’ പ്രദർശനത്തിനെത്തിയിട്ട് 72 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

   മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രം ‘ജീവിതനൗക’ പ്രദർശനത്തിനെത്തിയിട്ട് 72 വർഷം. 1951 മാർച്ച് 15 ന് റിലീസ് ചെയ്‌ത ചിത്രം കോഴിക്കോട് കോറണേഷൻ തിയറ്ററിൽ 170 ദിവസമാണ് പ്രദർശിപ്പിച്ചത്. ബുക്കിങ്ങ് കാലാവധി കഴിഞ്ഞതിനാൽ തിയറ്റർ ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന ആദ്യ മലയാള ചിത്രമാണിത്. സംവിധാനം കെ വേമ്പു. കെ.വി കോശിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതിയത് മുതുകുളം രാഘവൻപിള്ള.

കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോയും കെവി കോശിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ തിക്കുറിശ്ശി, ബിഎസ് സരോജ, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, എസ്.പി പിള്ള തുടങ്ങിയവർ അഭിനയിച്ചു.
ഭർത്തൃസഹോദരപത്നിയുടെ നിഷ്ഠുരമായ പെരുമാറ്റത്താൽ കൊടുംയാതനയനുഭവിച്ച ഒരു ഉത്തമവനിതയുടെ ഹൃദയസ്‌പൃക്കായ കഥയാണ് രചയിതാവ് മുതുകുളം രാഘവൻപിള്ള പറഞ്ഞത്.

സെബാസ്റ്റ്യൻ ഭാഗവതരും തിക്കുറിശ്ശിയും ജ്യേഷ്ഠാനുജന്മാരാണ്. രാജുവും സോമനും. രാജുവിന്റെ ഭാര്യ ജാനുവായി പങ്കജവല്ലി. ജാനുവിന് അവരുടെ ബന്ധുവായ സരളയെ ഭർത്താവിന്റെ അനുജനായ സോമൻ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. സോമൻ പക്ഷെ പാവപ്പെട്ട ലക്ഷ്മിയെ (സരോജ) ആണ് കല്യാണം കഴിച്ചത്. അന്നുതുടങ്ങി ചേട്ടത്തിയമ്മയുടെ ക്രൂരതകൾ. ദാരിദ്ര്യം മൂലം സോമൻ നാട് വിട്ടു. സോമന്റെ ഭാര്യ ലക്ഷ്‌മിയും വീട് വിട്ട് നാടകനടിയായി.

ജീവിതമെന്ന വഞ്ചി തുഴഞ്ഞ് സോമനും ലക്ഷ്‌മിയും നല്ല നിലയിലെത്തിയപ്പോൾ ദുഷ്ടയായ ചേട്ടത്തിയമ്മ പിച്ചച്ചട്ടിയെടുത്തു. പിച്ചപ്പാട്ടയുമായി വരുന്ന ജാനുവിനെ ലക്ഷ്‌മി സ്വീകരിക്കുമോ…?
മലയാളത്തിലെ ആദ്യ നിശബ്‌ദ സിനിമ ‘വിഗതകുമാരനി’ൽ അഭിനയിച്ച ജോൺസന്റെ മകളാണ് ബി.എസ് സരോജ. തമിഴ് സിനിമയിൽ പ്രതിഭ തെളിയിച്ചതിന് ശേഷമാണ് സരോജ ‘ജീവിതനൗക’യിലെ സർവംസഹയായ നായികയെ അവതരിപ്പിച്ചത്.
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭഗവതരും ആലപ്പുഴ പുഷ്‌പവും ചേർന്ന് പാടിയ ‘ആനത്തലയോളം വെണ്ണ തരാമെടാ’ അടക്കം അഭയദേവ്- ദക്ഷിണാമൂർത്തി ടീമിന്റെ 15 ഗാനങ്ങളുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ചിദംബരം സ്വദേശിയായിരുന്ന സംവിധായകൻ വേമ്പുവിന് ‘ജീവിതനൗക’ പോലൊരു ഹിറ്റ് സൃഷ്ടിക്കാൻ പിന്നീട് കഴിഞ്ഞില്ല.

Back to top button
error: