കൊച്ചി: ബ്രഹ്‌മപുരം തീപ്പിടിത്തത്തിന്റെ നിര്‍ണായക സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ആറ് സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. മാര്‍ച്ച് രണ്ട് വൈകിട്ട് സെക്ടര്‍ ഒന്നില്‍നിന്നാണ് തീ പടര്‍ന്നത് എന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അട്ടിമറി സാധ്യത പോലീസ് വിശദമായി അന്വേഷിക്കും. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, ക്യാമറകളെല്ലാം പ്രവര്‍ത്തനക്ഷമമാണ്. ഇവയില്‍നിന്ന് ശേഖരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് തീ പടര്‍ന്നത് എവിടെനിന്നാണെന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തീപ്പിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുള്ള പശ്ചാത്തലത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്.
സെക്ടര്‍ ഒന്നില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിലെ ചില ഉദ്യോഗസ്ഥരും ബ്രഹ്‌മപുരത്തെ ചില ജീവനക്കാരും നേരത്തെ പറഞ്ഞിരുന്നു. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലേക്ക് പ്രവേശിക്കുമ്പോള്‍ വലതുഭാഗത്തുള്ള പ്രദേശമാണ് സെക്ടര്‍ ഒന്ന്. ഇവിടെനിന്നുതന്നെയാണ് തീ പടര്‍ന്നതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് മനസ്സിലായിട്ടുള്ളത്. മാര്‍ച്ച് രണ്ടാംതീയതി വൈകിട്ട് നാലുമണിക്കാണ് തീപ്പിടിത്തം ആരംഭിച്ചത്.
സെക്ടര്‍ ഒന്നില്‍ സോണ്‍ട ഇന്‍ഫ്രാടെക്ക് ബയോമൈനിങ് ആരംഭിച്ചിരുന്നു. ഈ ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ബയോ മൈനിങ്ങിന് ആവശ്യമായ സോണ്‍ടയുടെ ഉപകരണങ്ങള്‍ ഈ മേഖലയിലുണ്ടായിരുന്നു. തീപ്പിടിത്തം ആരംഭിച്ചപ്പോള്‍ അത് അണയ്ക്കാനുള്ള ശ്രമം ബ്രഹ്‌മപുരം പ്ലാന്റിലെ ജീവനക്കാര്‍ നടത്തിയിരുന്നു എന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് ശേഷമാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്.