KeralaNEWS

കോണ്‍ഗ്രസില്‍ അനുനയനീക്കം; സുധാകരനെയും എം.പിമാരെയും ചര്‍ച്ചയ്ക്ക് വിളിച്ച് കെ.സി.

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരേ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്.കെ സുധാകരനെയും എംപിമാരെയും കെ.സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഇന്ന് വൈകുന്നേരം ചര്‍ച്ച നടന്നേക്കും. നേതൃത്വത്തിന് എതിരായ പരസ്യവിമര്‍ശനത്തില്‍ എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്‌നും രൂക്ഷമാക്കിയത്. മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ പ്രതിസന്ധി കനത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാര്‍ക്കെതിരേ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍.

അച്ചടക്ക വിഷയമായതിനാല്‍ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. നേതാക്കള്‍ക്ക് ഇരുവര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ പോലും കെപിസിസി നേതൃത്വം അവസരം നല്‍കിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം.കെ രാഘവനും കെപിസിസി മുന്‍ അധ്യക്ഷന്‍ കൂടിയായ കെ മുരളീധരനും ഇടഞ്ഞു നില്‍ക്കുന്നത് കേന്ദ്ര നേതൃത്വത്തിനും തലവേദനയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: