KeralaNEWS

കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; പുക ശ്വസിച്ചതുകൊണ്ടെന്ന് ബന്ധുക്കള്‍

കൊച്ചി: വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക മൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സാണ് (70) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ശ്വാസകോശ രോഗിയായ ലോറന്‍സിന്റെ രോഗം മൂര്‍ച്ഛിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പുകയുടെ മണം കടുത്ത ശ്വാസതടസ്സം ഉണ്ടാക്കിയെന്ന് ലോറന്‍സിന്റെ ഭാര്യ ലിസി മാധ്യമങ്ങളോട് പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് ലോറന്‍സ് മരിച്ചത്. നവംബര്‍ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂര്‍ച്ഛിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞദിവസം ആശുപത്രിയില്‍ പോയി ചികിത്സ തേടി. വീട്ടില്‍ തിരിച്ചെത്തിയിട്ടും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഓക്സിജന്‍ ലെവല്‍ താഴുന്ന സാഹചര്യവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പുകയുടെ മണമാണ് ലോറന്‍സിന് സഹിക്കാന്‍ കഴിയാതെ വന്നിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

”നവംബര്‍ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. എന്നാല്‍ ഈ ഒരാഴ്ചയാണ് വിഷമതകള്‍ അനുഭവിച്ചത് തുടങ്ങിയത്. ഞങ്ങള്‍ക്ക് തന്നെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ അദ്ദേഹത്തിന്റെ കാര്യം പറയണോ?, രാത്രി സമയത്താണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. വാതിലും ജനലും അടച്ചിട്ടിട്ടും പുക അകത്തുകയറി. പുകയല്ല, മണമാണ് സഹിക്കാന്‍ കഴിയാതെ വന്നത്” – ലിസി പറയുന്നു.

ലോറന്‍സിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നു എന്ന് ഹൈബി ഈഡന്‍ എംപി ആരോപിച്ചു. ഒരാഴ്ചയായി ശ്വാസതടസം അനുഭവപ്പെട്ടയാളാണ് മരിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി ഈഡന്‍ അറിയിച്ചു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: