ബംഗളൂരു: കര്‍ണാടക മണ്ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ ബാലന്റെ കറുത്ത ടീഷര്‍ട്ട് പോലീസ് അഴിപ്പിച്ചു. റാലി നടക്കുന്നതിന്റെ പരിസരത്തേയ്ക്ക് കുട്ടിയുമായി വന്നപ്പോഴാണ് മകന്റെ ടീഷര്‍ട്ട് ഊരാന്‍ പോലീസ് അമ്മയോട് പറഞ്ഞത്. ഇതോടെ കുട്ടിക്കു മേല്‍വസ്ത്രമില്ലാതെ അമ്മ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇതിനുശേഷം ടീഷര്‍ട്ട് ധരിപ്പിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു.
ബംഗളൂരു മൈസൂരു എക്‌സ്പ്രസ് വേയുടെ ഉദ്ഘാടത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മണ്ഡ്യയിലെത്തിയത്. നഗരത്തില്‍ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്കു പിന്നാലെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. മണ്ഡ്യയിലെ റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വന്‍ ജനാവലി പൂക്കള്‍ വര്‍ഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറില്‍ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റില്‍ വീണ പൂക്കള്‍ കയ്യിലെടുത്ത് മോദി ജനങ്ങള്‍ക്കു നേരെയും വര്‍ഷിച്ചു.
അതേസമയം, കേരളത്തില്‍ കരിങ്കൊടി പ്രതിഷേധത്തിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടികള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടിച്ച് കാണിച്ചതിന് അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തളളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നടപടി.