KeralaNEWS

അന്വേഷണത്തില്‍ ഒളിച്ചുകളി; എങ്ങുമെത്താതെ സ്വപ്നയുടെ ആദ്യ ഒത്തുതീര്‍പ്പ് കേസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ഒത്തുതീര്‍പ്പ് ആരോപണം ഉയരുമ്പോള്‍, സ്വപ്ന സുരേഷ് ആദ്യം ഉന്നയിച്ച ഒത്തുതീര്‍പ്പ് ആരോപണത്തില്‍ സത്യം കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി. ഷാജ് കിരണ്‍ മധ്യസ്ഥനായി മൊഴി മാറ്റിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഒന്‍പത് മാസമായിട്ടും അന്വേഷണം എങ്ങുമെത്താത്തത്. ഷാജ് കിരണിനെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച മട്ടാണ്.

സ്വപ്ന ഉന്നയിച്ച ആദ്യ ഒത്തുതീര്‍പ്പ് ആരോപണമായിരുന്നില്ല കഴിഞ്ഞ ദിവസത്തേത്. ഒന്‍പത് മാസം മുന്‍പ് അന്നത്തെ വിജിലന്‍സ് മേധാവി എം.ആര്‍. അജിത് കുമാര്‍ നിയോഗിച്ച ഇടനിലക്കാരനായി ഷാജ് കിരണ്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നായിരുന്നു ആദ്യത്തേത്. ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി പുറത്തുവിട്ടെങ്കിലും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയായിട്ടാണ് ആരോപണത്തെ സര്‍ക്കാര്‍ കണ്ടത്. പി.സി.ജോര്‍ജും സ്വപ്നയും ചേര്‍ന്നാണ് നീക്കമെന്നും വിലയിരുത്തി.

കെ.ടി. ജലീലിനെക്കൊണ്ട് പരാതി നല്‍കിപ്പിച്ച് ഗൂഢാലോചനക്കുറ്റത്തില്‍ സ്വപ്ന, പി.സി.ജോര്‍ജ്, സരിത് എന്നിവരെ പ്രതികളാക്കി. സരിത മുഖ്യസാക്ഷിയും. ഇടനിലക്കാരനായ ഷാജ് കിരണിനെ ചോദ്യം ചെയ്ത് സാക്ഷിയാക്കി മാറ്റിയതിനപ്പുറം ഒന്നും ചെയ്തില്ല. കേസെടുത്ത് 9 മാസം കഴിയുമ്പോഴും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന പേരില്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. അതോടെ ഷാജ് കിരണ്‍ എന്തിന് ഇടനിലക്കാരനായെന്നും എഡിജിപി എന്തിന് ഇടനിലക്കാരനെ വിളിച്ചെന്നുമുള്ള ചോദ്യത്തിന് ഉത്തരമില്ല. മാത്രമല്ല ഉത്തരം കിട്ടാനുള്ള വഴി അടയ്ക്കുകയും ചെയ്തു.

 

Back to top button
error: