ആലപ്പുഴ: ചാരുമൂട്ടില്‍ സി.പി.എം. പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചെന്ന് പട്ടികജാതി കുടുംബത്തിന്റെ പരാതി. പാര്‍ട്ടി അനുഭാവിയും ഡി.വൈ.എഫ്.ഐ. മുന്‍ നേതാവുമായ സതീഷ് ബാബുവിന്റെ വീട്ടിലാണ് ആക്രമണം. സി.പി.എം. ചാരുമൂട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുകാര്‍ പറഞ്ഞു. രാത്രി 12.30-നാണ് സംഭവം. അതേസമയം ആക്രമണം ഉണ്ടായില്ലെന്നും തര്‍ക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും പോലീസ് പറയുന്നു.
ചാരുമൂട് ചുനക്കരയിലെ ഒരു പ്രാദേശിക റോഡിനെക്കുറിച്ച് സതീഷ് ബാബു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് സി.പി.എം. നേതാക്കളെയും പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചത്. രാത്രിയില്‍ സി.പി.എം. ചാരുമൂട് ഏരിയാ സെക്രട്ടറി ബിനുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി തന്നെയും കുടുംബത്തെയും മര്‍ദിക്കുകയായിരുന്നെന്നാണ് സതീഷ് ബാബുവിന്റെ പരാതി. തുടര്‍ന്ന് ഒരു ബന്ധു എത്തിയാണ് ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്.
വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും അക്രമം ഉണ്ടായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. സി.പി.എം. നേതാവ് ഉള്‍പ്പെടെയുള്ള ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് സതീഷ് ബാബു ആരോപിക്കുന്നു.
നേരത്തേ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവായിരുന്നു സതീഷി ബാബു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സജീവ പ്രവര്‍ത്തകനുമാണ്. ഒരു പ്രാദേശിക റോഡിന്റെ പേരില്‍ വാര്‍ഡ് മെമ്പറെയും വാര്‍ഡ് പ്രസിഡന്റിനെയും പരിഹസിച്ചുകൊണ്ടാണ് സതീശ് ബാബു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്.