ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന
ദില്ലി: ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന. പാട്ന, റാഞ്ചി, മുംബൈ, ബീഹാർ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലും പരിശോധന നടക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് തെളിവെടുപ്പ് നടക്കുന്നത്.
ജോലിക്ക് ഭൂമി കൈപ്പറ്റിയെന്ന കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദിനേയും ഭാര്യ റാബ്രി ദേവിയേയും കഴിഞ്ഞ ചൊവ്വാഴ്ച്ച സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളുൾപ്പെടെ 16 ഇടങ്ങളിൽ അന്ന് പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ തേജസ്വി യാദവ് രംഗത്തെത്തി. ബിജെപിക്കെതിരെ നിൽക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ബിജെപിയോട് സഖ്യമുണ്ടാക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് പരസ്യമായ കാര്യമാണെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു.
ലാലുപ്രസാദിനും ഭാര്യക്കും പുറമെ കേസിൽ മക്കളായ മിസ, ഹേമ എന്നിവരുൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലി നൽകിയതിന് പകരമായി കുറഞ്ഞ വിലയ്‌ക്ക് ലാലുവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. 2022 മേയിലാണ് സി.ബി.ഐ കേസെടുത്തത്. 15 ന് കേസ് ഡൽഹി കോടതി പരിഗണിക്കും.
ബീഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്ത സിബിഐ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കപിൽ സിബൽ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ അനീതിയാണ് സിബിഐ ചോദ്യം ചെയ്യലെന്ന് കബിൽ സിബൽ പറഞ്ഞിരുന്നു. കബിൽ സിബലിന്റെ അനീതിക്കെതിരെ പോരാടാനുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ഇൻസാഫ് കി സിപാഹി(നീതിക്കുവേണ്ടിയുള്ള വേദി)യെക്കുറിച്ച് എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിറകെയാണ് പരിശോധന വ്യാപകമാക്കി ഇഡി രംഗത്തെത്തിയത്.