കോട്ടയം: സുപ്രീം കോടതി വിധി മറികടന്ന് സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കടുത്ത നിലപാടുമായി മലങ്കര ഓര്‍ത്തഡോസ് സഭ. പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയില്‍ നാളെ കുര്‍ബാനയ്ക്ക് ശേഷം സഭയിലെ എല്ലാ പളളികളിലും പ്രതിഷേധദിനമായി ആചരിക്കും. തിങ്കളാഴ്ച സഭയിലെ മെത്രാപ്പോലീത്താമാരും വൈദികരും തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തും. ഇതിന് പുറമേ എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സഭാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുളള നീക്കം നടത്തുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല.ഇത് ജുഡീഷ്യറിയോടുളള വെല്ലുവിളിയാണ് സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. ഒരു വിശ്വാസിക്കുപോലും ആരാധനാ സ്വതന്ത്ര്യം നിഷേധിക്കാതിരിക്കേ ആരാധനാ സ്വതന്ത്ര്യം ഒരു വിഭാഗത്തിനും ഉടമസ്ഥതാവകാശം മറ്റൊരു വിഭാഗത്തിനുമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്താന്‍ ഇടതുമുന്നണി അംഗീകാരം നല്‍കിയത് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പളളികളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനുളള ബോധപുര്‍വമായ ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബില്‍ നടപ്പാക്കിയാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ മാത്രമേ ഉപകരിക്കു.അതിനാല്‍ സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.
സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പോലും നിയമവിരുദ്ധമായ ഈ ബില്‍ കൊണ്ടുവരുന്നതിന് മുന്‍കൂട്ടി തയറാക്കിയ വേദിയായിരുന്നോ എന്ന് സംശയിക്കേണ്ടിയിയിരിക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി പോലും ഒരു വിഭാഗത്തിന്റെ ആളായാണ് പ്രവര്‍ത്തിക്കുന്നതെന്ന സംശയം സഭയ്ക്കുണ്ട്. സുപ്രീം കോടതി വിധിക്കെതിരേ നിയമനിര്‍മാണം നടക്കില്ലെന്ന് ഉത്തമ ബോധ്യം ഉണ്ടായിട്ടും സഭാ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത് ഗുരുതരമായ വിഷയങ്ങളില്‍ പ്രതിരോധത്തിലായിരിക്കുന്ന സര്‍ക്കാര്‍ വിഷയം മാറ്റി വിടുന്നതിനുളള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാകില്ല. നിയമവിരുദ്ധമായ ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയാത്ത പക്ഷം സുപ്രീം കോടതിയെ സമീപിക്കുന്നതടക്കമുളള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സഭാ നേതൃത്വം അറിയിച്ചു. സഭാ സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് ആമയില്‍ അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ്, സഭാ വക്താവ് ഫാ ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.