KeralaNEWS

ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു, ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകി

  ചെറുവത്തൂര്‍: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച  സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍. മയിച്ചയിലെ കെ രവീന്ദ്രന്റെ ഭാര്യ ചെറുവത്തൂര്‍ പുതിയ കണ്ടത്തെ ഇ അംബിക (40) ആണ് മരിച്ചത്. ചെറുവത്തൂര്‍ ദീപ ജ്വലറിയിലെ ജീവനക്കാരിയാണ്. മംഗ്‌ളുറു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് മരണം സംഭവിച്ചത്. ചികിത്സാപ്പിഴവെന്നും  സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അംബികയുടെ ബന്ധുക്കള്‍ മംഗ്‌ളുറു പാണ്ടേശ്വര പൊലീസില്‍ പരാതി നല്‍കി.

ഗര്‍ഭപാത്ര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 24നാണ് മംഗ്‌ളുറു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ അംബികയെ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്ക് ശേഷം 28ന് രാവിലെ ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. അന്ന് വൈകുന്നേരം റൂമിലേക്ക് മാറ്റി ഭക്ഷണമൊക്കെ കഴിച്ചിരുന്നു. പിറ്റേ ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും രക്തസമ്മര്‍ദം ഉണ്ടാകുകയും ചെയ്തു. വിവരം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗ്യാസ് കയറിയതാണെന്ന് പറഞ്ഞ് അവഗണിച്ചു.

തുടര്‍ന്ന് ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പരിശോധന നടത്തുകയും സ്‌കാനിങിന് വിധേയമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ വേണമെന്നും, ഡയാലിസിസ് ചെയ്യണമെന്നും അറിയിച്ചു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ചെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും മറ്റും ഡോക്ടര്‍മാരോട് രോഷാകുലരായി സംസാരിച്ചപ്പോള്‍ സത്യാവസ്ഥ അവര്‍ വെളിപ്പെടുത്തി. താക്കോല്‍ ദ്വാര ശസ്ത്രക്രിയക്കിടയില്‍ ചെറു കുടലിനേറ്റ ദ്വാരം കാരണം മലമൂത്രാദികള്‍ ആന്തരികാവയവങ്ങളില്‍ കൂടിച്ചേര്‍ന്നെന്നും അണുബാധ ഉണ്ടായതായും ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞുവത്രേ.

വളരെ നിസാരമായാണ് ഉത്തരവാദപ്പെട്ടവര്‍ ഗൗരവകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം മംഗ്‌ളുറു വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. പരേതനായ മല്ലക്കര അമ്പു – ഏളാട്ട് നാരായണി ദമ്പതികളുടെ മകളാണ്. മക്കള്‍: അഭിരാം (ബെംഗ്‌ളറു), ആദിത്യന്‍, അരുണ ശ്രീറാം (ഇരുവരും വിദ്യാര്‍ഥികള്‍).

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: