KeralaNEWS

കായ പറിക്കുന്നതിനിടെ പ്രാണിയുടെ കുത്തേറ്റു, ദേഹമാസകലം ചൊറിച്ചിലും തടിപ്പും; 13 വയസുകാരി മരിച്ചു

പത്തനംതിട്ട: മുറ്റത്തെ മള്‍ബറിയില്‍ നിന്ന് കായ പറിക്കുന്നതിനിടെ അജ്ഞാത ജീവിയുടെ കുത്തേറ്റ ബാലിക മരിച്ചു. തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍ അനീഷ് – ശാന്തികൃഷ്ണ ദമ്പതികളുടെ മകളുമായ അംജിത പി.അനീഷ് (13) ആണ് മരിച്ചത്.

പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ചരയോടെ വീടിനടുത്തെ മള്‍ബറി ചെടിയില്‍ നിന്ന് പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നില്‍ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു.

ഈച്ചപോലുള്ള എന്തോ ജീവിയാണെന്നാണ് കുട്ടി പറഞ്ഞത്. അരമണിക്കൂറിനുള്ളില്‍ ദേഹമാസകലം ചൊറിഞ്ഞുതടിച്ചു. തുടര്‍ന്ന് തിരുവല്ല താലൂക്കാശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമികചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ കുട്ടി കുഴഞ്ഞുവീണു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ശ്വാസകോശത്തിലേക്ക് അണുബാധ പടര്‍ന്നതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. സംസ്‌കാരം നടത്തി. അഞ്ജന പി. അനീഷ് ഏക സഹോദരിയാണ്.

Back to top button
error: