Social MediaTRENDING

ഗല്‍വാന്‍ താഴ്വരയില്‍ ജവാന്‍മാരുടെ ക്രിക്കറ്റ് കളി; വൈറലായി ദൃശ്യങ്ങള്‍

ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ക്രിക്കറ്റ് കളിക്കുന്ന സൈനികരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. പട്രോളിങ് പോയിന്റ്-14ന് (പിപി-14) ചുറ്റുമുള്ള ബഫര്‍ സോണില്‍നിന്ന് കുറച്ച് അകലെയുള്ള സ്ഥലത്തുനിന്നുള്ളതാണ് ചിത്രങ്ങള്‍.

യഥാര്‍ഥ നിയന്ത്രണരേഖയില്‍ മൈനസ് ഡിഗ്രി താപനിലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ മനോവീര്യം വെളിവാക്കുന്നതാണ് ചിത്രമെന്ന് സൈന്യം വ്യക്താക്കി. 3 ഇന്‍ഫന്‍ട്രി ‘ത്രിശൂല്‍’ ഡിവിഷനിലെ പട്യാല ബ്രിഗേഡിലെ സൈനികരാണ് ക്രിക്കറ്റ് കളിക്കുന്നത്. ലേ ആസ്ഥാനമായുള്ള 14 കോര്‍ ആണു ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

ഡിസംബര്‍ 20ന് ചൈനയുമായി നടന്ന 17-ാം റൗണ്ട് ചര്‍ച്ചയിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇരു സൈന്യങ്ങളും തമ്മിലുള്ള അടുത്ത റൗണ്ട് കോര്‍ കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്. കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഡെപ്സാങ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ൈസനിക പിന്മാറ്റത്തിന് ചൈന ഇതുവരെ തയാറായിട്ടില്ല. സിക്കിമിലെയും അരുണാചല്‍ പ്രദേശിലെയും യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇരു സൈന്യവും 50,000 സൈനികരെ വീതം മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

2020 ജൂണ്‍ 15 നാണ് ഗല്‍വാന്‍ താഴ്വരയില്‍, ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്. വടികളും മറ്റു മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ചൈനയുടെ ആക്രമണം. ഇന്ത്യന്‍ സൈനികരുടെ തിരിച്ചടിയില്‍ 40 ലധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനമെങ്കിലും പതിവ് പോലെ അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.

 

Back to top button
error: