KeralaNEWS

ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ ജീവിത വിജയം, പൊടി പൊടിച്ച് ‘ചൈതന്യ’യുടെ മുന്നേറ്റം

    അസാധ്യമെന്ന് കരുതിയയിടത്തുനിന്ന്‌ സംരംഭം ആരംഭിച്ച്‌ ആറ്‌ മാസത്തിനകം  മികച്ച വരുമാനം പ്രതിമാസം നേടിയതിലെ സംതൃപ്‌തിയിലും സന്തോഷത്തിലുമാണ്‌ കണ്ണൂർ ആറളം ഫാം പട്ടികവർഗ മേഖലയിലെ മിനി ഗോപിയും ഉഷയും. സംസ്ഥാന സർക്കാർ, എസ്‌.ടി വകുപ്പ്‌, നബാർഡ്‌, ബ്ലോക്ക്‌, പഞ്ചായത്തുകൾ, താലൂക്ക്‌ വ്യവസായ കേന്ദ്രം എന്നിവയുടെ കൂട്ടായ്‌മയിലാണ്‌ ‘ചൈതന്യ’യിലൂടെ മിനിയും ഉഷയും സ്വന്തം വഴി കണ്ടെത്തിയത്‌.

കഴിഞ്ഞ ആഗസ്‌ത്‌ 20ന്‌ കക്കുവയിലാണ്‌ ഇവർ ചൈതന്യ ഫ്‌ളോർ മില്ല്‌ ആരംഭിച്ചത്‌. പിന്നാക്കമേഖലയിലെ വനിതകൾക്കും സംരംഭം വിജയകരമായി നടത്താമെന്നതിന്റെ നേർസാക്ഷ്യമാണ്‌ ഇന്ന്‌ ചൈതന്യ.
‘മുമ്പ്‌ കൂലിപ്പണിയായിരുന്നു. പണി കുറവായതിനാൽ കുടുംബത്തെ പോറ്റാൻ വളരെ ബുദ്ധിമുട്ടി. മൂന്നാം ക്ലാസ്‌ വരെ പഠിച്ചയാൾക്ക്‌ മറ്റെന്ത്‌ തൊഴിൽ കിട്ടാൻ..? ഈ ഘട്ടത്തിലാണ്‌ ഫാം പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിർദ്ദേശത്തിൽ ഫാമിൽ നബാർഡ്‌ മുഖേന വ്യത്യസ്‌ത പദ്ധതികൾക്ക്‌ തുടക്കമിട്ടത്‌. ‘ഞങ്ങൾക്കൊരു മില്ല്‌ മതി’യെന്ന്‌ മനസിൽ ഉറപ്പിച്ചു. ഇപ്പോൾ മാന്യമായ വരുമാനം നേടാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്‌ ’ ചൈതന്യയെക്കുറിച്ച്‌ പറയാൻ മിനിയും ഉഷയും നിറഞ്ഞ സന്തോഷത്തോടെ മത്സരിച്ചു.

സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സിആർഡി) ഫാമിൽ നടപ്പാക്കുന്ന ആദിവാസി ഉൽപ്പന്ന സംസ്കരണ വിപണന പദ്ധതിയിലാണ്‌ ബ്ലോക്ക് പഞ്ചായത്തും താലൂക്ക് വ്യവസായ കേന്ദ്രവുമാണ്‌ ചൈതന്യ ഫ്ലോർമിൽ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. കീഴ്‌പള്ളി ഗ്രാമീൺ ബാങ്കിൽനിന്ന്‌ 4.14 ലക്ഷം രൂപ വായ്‌പ ലഭ്യമാക്കി അഞ്ച്‌ മെഷീനുകളുമായി ചൈതന്യ നിലവിൽ നന്നായി പ്രവർത്തിക്കുന്നു. വായ്‌പാ തിരിച്ചടവ്‌ കൃത്യമായും നിർവഹിക്കുന്നു.

ഇരുവർക്കും പ്രതിമാസം 15,000 രൂപ വരെ  വേതനമായി കിട്ടുന്ന നിലയിൽ മിൽ പ്രവർത്തനം മികച്ച നിലയിലാണിന്ന്‌. ധാന്യങ്ങൾ, മുളക്‌, മഞ്ഞൾ, മല്ലി, കുരുമുളക്‌ എന്നിവ പൊടിക്കാൻ ധാരാളം പേർ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്‌. ശുദ്ധമായ നാടൻ മഞ്ഞളും കുരുമുളകും പൊടിച്ച്‌ പാക്കറ്റിലാക്കി വിൽപ്പനയും നടത്തുന്നുണ്ട്‌.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: