CrimeNEWS

‘മംഗ്ളുറു ജ്വലേര്‍സ്’ ജീവനക്കാരൻ രാഘവേന്ദ്ര ആചാര്യയുടെ കൊലപാതകം,  പ്രതിയെ അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസിന് കര്‍ണാടക പൊലീസിന്റെ അനുമോദനം

    മംഗ്‌ളുറു നഗരത്തിലെ ഹമ്പന്‍കട്ടയില്‍ ജ്വലറി ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ കോഴിക്കോട് ജില്ലയിലെ പി.പി ഷിഫാസിനെ (33) അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസ് സംഘത്തിന് കര്‍ണാടക പൊലീസിന്റെ ആദരം. മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കമീഷണര്‍ കുല്‍ദീപ് കുമാര്‍ അനുമോദന പത്രം കൈമാറി.

കോഴിക്കോട് സ്വദേശി പിപി ഷിഫാസിനെ  കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വച്ചാണ്  ഡിവൈഎസ്പി, പികെ സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയാണ് (54) കൊല്ലപ്പെട്ടത്. മംഗ്ളുറു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ‘മംഗ്ളുറു ജ്വലേര്‍സ്’ എന്ന സ്ഥാപനത്തില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉപഭോക്താവിന്റെ വേഷത്തില്‍ എത്തിയ കൊലയാളി രാഘവേന്ദ്ര ആചാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ടു എന്നാണ് കേസ്.

കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് അക്രമിയെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. കറുത്ത ടീ ഷര്‍ടും നീല ജീന്‍സും കറുത്ത മുഖംമൂടിയും കണ്ണടയും ധരിച്ച ഒരാളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. കൊലയാളിക്കായി കേരളത്തിലടക്കം പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഷിഫാസ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ സിപിഒ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, സുജിത്ത്, സജീഷ്, ഡ്രൈവര്‍ ചെറിയാന്‍ എന്നിവരും ഉണ്ടായിരുന്നു.

കര്‍ണാടക പൊലീസിന്റെ ആദരം കാസര്‍കോട് ഡിവൈ എസ്പി പികെ സുധാകരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിജേഷ് കാട്ടാമ്പള്ളി, നിജിന്‍ കുമാര്‍ എന്നിവരാണ് ഏറ്റുവാങ്ങിയത്.

അറസ്റ്റിലായ യുവാവ് 2014മുതല്‍ 2019വരെ ഗള്‍ഫിലായിരുന്നു എന്ന് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ പറഞ്ഞു. ‘നാട്ടില്‍ എത്തി മംഗ്‌ളുറു സ്വകാര്യ കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്‌ളോമ കോഴ്‌സിന് ചേര്‍ന്നെങ്കിലും രണ്ടാം വര്‍ഷം പഠനം നിറുത്തുകയായിരുന്നു. കൊലപാതകവും കവര്‍ച്ചയും ലക്ഷ്യമിട്ട് തന്നെയാണ് പ്രതി ജ്വലറിയില്‍ കടന്നതെന്ന് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നു. ഒന്നിന് മേലെ മറ്റൊന്നായി കുപ്പായം ധരിച്ചത് രക്ഷാമാര്‍ഗമാണ്.’
പൊലീസ് പറയുന്നു. കേസ് അന്വേഷിച്ച മംഗ്‌ളുറു പൊലീസ് സംഘത്തിന് കമീഷണര്‍ 25,000 രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചു.

Back to top button
error: