LIFEMovie

കാണാത്തവർ പുച്ഛിച്ച, കണ്ടവര്‍ പ്രശംസിച്ച വിൻസി അലോഷ്യസ് ചിത്രം ‘രേഖ’ ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു, സ്‍ട്രീമിംഗ് നെറ്റ്ഫ്ളിക്സില്‍

വിൻസി അലോഷ്യസ് പ്രധാന കഥാപാത്രമായ ചിത്രമാണ് ‘രേഖ’. ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് വളരെ വേഗം മാറിയിരുന്നു. എന്തായാലും ‘രേഖ’ ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതില്‍ ചിത്രത്തിലെ നായിക വിൻസി നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. ‘രേഖ’ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല. ഒരുപാട് കഷ്‍ടപ്പെട്ട് ചെയ്‍ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാൽ വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു, വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം, ഉള്ള ഷോസ് അത് കാണാൻ ശ്രമിക്കണം. ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നുമായിരുന്നു വിൻസി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്. ‘രേഖ’യെ പ്രശംസിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. മാര്‍ച്ച് 10ന് നെറ്റ്ഫ്ളിക്സില്‍ സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് രേഖയുടെ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്‍സ് അവതരിപ്പിക്കുന്നെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് രേഖ. കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ്. വിൻസി അലോഷ്യസിന് ഒപ്പം ‘രേഖ’യെന്ന ചിത്രത്തില്‍ ഉണ്ണിലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ‘രേഖ’ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്‍ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്റ്റോൺ ബെഞ്ചേഴ്‍സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച ‘അറ്റെൻഷൻ പ്ലീസ്’ എന്ന സിനിമയുടെ സംവിധായകനാണ് ‘രേഖ’ ഒരുക്കിയ ജിതിൻ ഐസക്ക് തോമസ്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഒടിടിയില്‍ ‘രേഖ’ മികച്ച അഭിപ്രായം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Back to top button
error: