LIFEMovie

ജോജുവും ഷറഫുദ്ദീനും പ്ര​ധാന വേഷങ്ങളിലെത്തിയ മിസ്റ്ററി ത്രില്ലർ ‘അദൃശ്യം’ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങി

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ വേഷമിട്ട ബൈലിംഗ്വൽ ചിത്രം (മലയാളം, തമിഴ്) ‘അദൃശ്യം’ ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോസിലാണ് ‘അദൃശ്യം’ സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും കൂടാതെയാണ് ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയത്. ഇന്ത്യയിൽ മാത്രമാണ് ഒടിടി റിലീസായിരിക്കുന്നത്.

‘അദൃശ്യം’ കഴിഞ്ഞ വര്‍ഷം നവംബർ 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്‍ത ചിത്രമാണ്. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നരേന് പുറമെ ‘പരിയേറും പെരുമാള്‍’ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ‘അദൃശ്യം’.

കാണാതായ ഒരു പെൺകുട്ടിയുടെ കേസിനെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. സമാന്തര അന്വേഷണങ്ങളിൽ നിരവധി ആളുകൾ അവളെ അന്വേഷിക്കുന്നുണ്ട്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്‍തത്. ‘ഫോറന്‍സിക്’, ‘കള’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിച്ചത്.

കയല്‍ ആനന്ദി, പവിത്ര ലക്ഷ്‍മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം. രണ്ട് ഭാഷകളിലായി ഒരേസമയം വ്യത്യസ്‍ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ‘അദൃശ്യ’മെന്ന ചിത്രം ഒരുക്കിയത്. തമിഴില്‍ ‘യുക്കി’ എന്നായിരുന്നു പേര്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: