CrimeNEWS

കൈക്കൂലിക്കേസില്‍ കുടുങ്ങിയ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍; വീട്ടില്‍നിന്ന് രേഖകളും പിടികൂടി

പത്തനംതിട്ട: കൈക്കൂലി കേസില്‍ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടില്‍നിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടി. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്റെ വീട്ടില്‍നിന്നാണ് ഒരേ രജിസ്ട്രേഷന്‍ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടിച്ചെടുത്തത്. സെക്രട്ടറിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റുചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിനും ഓഫീസ് അറ്റന്‍ഡര്‍ ഹസീന ബീഗവും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. വൈകീട്ട് നാലുമണിയോടെ സെക്രട്ടറിയുടെ ക്യാബിനില്‍നിന്നാണ് പത്തനംതിട്ട വിജിലന്‍സ് സംഘം ഇരുവരെയും പിടികൂടിയത്.

നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണത്തിനുള്ള കരാറുകാരനില്‍ നിന്ന് 25,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെക്രട്ടറിക്കുമുന്നിലെത്തിയ കരാറുകാരനായ എം.ക്രിസ്റ്റഫര്‍ പണം കൈമാറി. ഇതുവാങ്ങി ആദ്യം മേശയിലിട്ട സെക്രട്ടറി ഉടന്‍ ഹസീനയെ വിളിച്ച് പണം കൈമാറി. പണമടങ്ങിയ കവറുമായി ഹസീന ക്യാബിനുപുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വിജിലന്‍സ് സംഘം എത്തുകയായിരുന്നു.

2024 വരെ നഗരസഭയുമായി കരാറുള്ളയാളാണ് ക്രിസ്റ്റഫര്‍. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് സെക്രട്ടറി കൈക്കൂലിയായി ആവശ്യപ്പെട്ടത്. പലവട്ടം പണം ആവശ്യപ്പെട്ടതോടെ ക്രിസ്റ്റഫര്‍ വിജിലന്‍സിനെ സമീപിച്ചു. ആദായനികുതി അടയ്ക്കാന്‍ വെള്ളിയാഴ്ച 25,000 രൂപയെങ്കിലും അത്യാവശ്യമായി തരണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. ഇതോടെ വിജിലന്‍സ്സംഘം ഫിനോഫ്തലിന്‍ പുരട്ടിയ 500ന്റെ 50 നോട്ട് കരാറുകാരന്റെ പക്കല്‍ കൊടുത്തുവിടുകയായിരുന്നു. സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുവേണ്ടി നല്‍കിയ തുകയാണ് തന്റെ കൈയില്‍ തന്നതെന്നാണ് ഹസീന വിജിലന്‍സില്‍ നല്‍കിയ പ്രാഥമികമൊഴി.

Back to top button
error: