CrimeNEWS

മകന്‍െ്‌റ വീട്ടില്‍നിന്ന് പിടിച്ചത് 8.12 കോടി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എ ഒളിവില്‍

ബംഗളൂരു: മകന്റെ വീട്ടില്‍ ലോകായുക്ത റെയ്ഡില്‍ 8.12 കോടി കണ്ടെടുത്തതിനു പിന്നാലെ കര്‍ണാടകയിലെ ബിജെപി എംഎല്‍എ മണ്ഡല്‍ വിരൂപക്ഷപ്പ ഒളിവില്‍. വെള്ളിയാഴ്ച രാവിലെ മുതല്‍ എംഎല്‍എയെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

വീരൂപക്ഷപ്പയുടെ മകനും ബംഗളൂരു ജലവിതരണവകുപ്പ് ചീഫ് അക്കൗണ്ടന്റുമായ പ്രശാന്ത് മണ്ഡലിന്‍െ്‌റ വീട്ടില്‍നിന്ന് ആറുകോടി രൂപയും ഓഫീസില്‍നിന്ന് 2.02 കോടി രൂപയുമാണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പ്രശാന്തിനെ അറസ്റ്റുചെയ്തതിനു പിന്നാലെയാണ് ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയത്. മകന്‍ അറസ്റ്റിലായതിനു പിന്നാലെ വിരൂപാക്ഷപ്പ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എല്‍.) അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. നിലവില്‍ അദ്ദേഹം ഒളിവിലാണ്.

പ്രശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കര്‍ണാടക ലോകായുക്തയുടെ ചരിത്രത്തില്‍ ഇത്രയധികം തുക റെയ്ഡില്‍ പിടിച്ചെടുക്കുന്നത് ആദ്യമാണ്. വീരൂപാക്ഷപ്പയാണ് കേസിലെ ഒന്നാം പ്രതി. 72 വയസുകാരനായ വിരൂപാക്ഷപ്പ ദാവണഗെരെ ചന്നാഗിരി എംഎല്‍എയാണ്. നിലവില്‍ അദ്ദേഹത്തിന്റെ രണ്ടാം ടേമാണിത്. ലിംഗായത്ത് ഉപവിഭാഗമായ സാദര്‍ ലിംഗായത്ത് സമുദായ അംഗമായ വിരുപാക്ഷപ്പ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയാണ്. കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന വിരുപാക്ഷപ്പ 2008-ലാണ് ആദ്യമായി ജയിച്ചത്.

81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ചെമിക്സില്‍ കോര്‍പ്പറേഷന്‍ എന്ന വ്യവസായ സ്ഥാപനം നടത്തുന്ന ശ്രേയസ് കശ്യപ് നല്‍കിയ പരാതിയിലാണ് ലോകായ്കുത കേസെടുത്തത്. കെഎസ്ഡിഎല്ലിനു രാസവസ്തുക്കള്‍ കൈമാറുന്നതിനായുള്ള കരാറിനായാണ് കൈക്കൂലിയെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെ പാര്‍ട്ടി എംഎല്‍എ അഴിമതി കേസില്‍ കുടുങ്ങിയത് ബിജെപിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.

Back to top button
error: