KeralaNEWS

പരസ്യ പ്രതികരണം ഗുണം ചെയ്യില്ല, പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; എം.കെ. രാഘവനെതിരേ വേണുഗോപാല്‍

ആലപ്പുഴ: എം.കെ.രാഘവന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. രാഘവന്‍ പ്ലീനറിയില്‍ പങ്കെടുത്തയാളാണ്. അവിടെ അഭിപ്രായം പറയണമായിരുന്നു. പരസ്യ പ്രതികരണം ഗുണംചെയ്യില്ലെന്നും കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ഉന്നയിക്കുന്നത് പുറത്താവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ, രാഘവനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ എം.പി രംഗത്തെത്തിയിരുന്നു.

പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരം; രാഘവനെ അനുകൂലിച്ച് മുരളീധരന്‍

കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എം.കെരാഘവന്‍ ആഞ്ഞടിച്ചത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി. ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരനു സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു എം.കെ രാഘവന്റെ പരാമര്‍ശം. വി.എം സുധീരനെ പോലെയുളളവരെ പാര്‍ട്ടിയിലേക്കു തിരിച്ചു കൊണ്ടുവരണം. ലീഗില്‍ വരെ തെരഞ്ഞെടുപ്പ് നടന്നെന്നും കോണ്‍ഗ്രസില്‍ എപ്പോഴാണു തെരഞ്ഞെടുപ്പ് നടക്കുകയെന്നും എം.കെ രാഘവന്‍ ചോദിച്ചു.

അതിനിടെ, എം.കെ രാഘവന്‍ എംപിയുടെ പരാമര്‍ശം അച്ചടക്ക ലംഘനമെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനോടാണ് റിപ്പോര്‍ട്ട് തേടിയത്. വെള്ളിയാഴ്ച രാത്രി 7 മണിക്കു മുന്‍പ് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കര്‍ശന നിര്‍ദേശം. ‘രാജാവ് നഗ്നനാണെന്നു പറഞ്ഞാല്‍ സ്ഥാനം നഷ്ടപ്പെടു’മെന്നും ‘ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതി’ എന്നുമായിരുന്നു എം.കെരാഘവന്റെ പരാമര്‍ശം.

Back to top button
error: