KeralaNEWS

കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം; കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കണ്ണൂര്‍: കാറ് കത്തി ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ പെട്രോള്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടമുണ്ടായത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷയും പ്രജിത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറ്റാത്തവിധത്തില്‍ തീപിടിത്തമുണ്ടാകാനുള്ള കാരണമെന്തായിരുന്നു എന്ന ചോദ്യങ്ങള്‍ അപകടത്തിന് പിന്നാലെ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതില്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കണ്ടെത്തി.

എന്നാല്‍, തീയുടെ തീവ്രത ഇത്രയും വര്‍ധിക്കാനുള്ള കാരണം എന്തായിരുന്നു എന്നായിരുന്നു പരിശോധിച്ചത്. ഇതില്‍, വാഹനത്തിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കാറിനുള്ളില്‍ വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്, പെട്രോള്‍ സൂക്ഷിച്ചിരുന്നില്ല എന്നായിരുന്നു റീഷയുടെ അച്ഛന്‍ വ്യക്തമാക്കുന്നത്.

അപകടത്തിന് രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയില്‍ കാറില്‍ പെട്രോളിന്റെ സാന്നിധ്യം ഫൊറന്‍സിക് സംഘം കണ്ടെത്തിയിരുന്നു. അങ്ങന എങ്കില്‍ ഇത് ആരെങ്കിലും കൊണ്ടു വെച്ചതാണോ എന്ന് കുടുംബം സംശയിക്കുന്നുണ്ട്. ഇക്കാര്യം നേരത്തെ തന്നെ കുടുംബം വ്യക്തമാക്കിയിരുന്നു.

കുപ്പിക്കുള്ളില്‍ ഉണ്ടായിരുന്നത് വെള്ളമായിരുന്നില്ല പെട്രോളായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, യാതൊരു തരത്തിലും പെട്രോള്‍ കാറില്‍ സൂക്ഷിച്ചിരുന്നില്ല. അപകടത്തിന് തലേ ദിവസം മാഹിയില്‍ നിന്ന് പെട്രോള്‍ അടിച്ചിരുന്നു. അതുകൊണ്ട് തന്നെ പെട്രോള്‍ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കാര്‍ കത്തിയതിന് ശേഷം ആരെങ്കിലും പെട്രോള്‍ കുപ്പി കൊണ്ടു വെച്ചോ എന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: