KeralaNEWS

ഗൂഢാലോചന നടത്തിയത് ആരെന്ന് സമയമാകുമ്പോള്‍ പറയാം, നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ അടിച്ചോളൂ; ഇ.പി ‘നയം വ്യക്തമാക്കുന്നു’

തിരുവനന്തപുരം: തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി ജയരാജന്‍. ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് എനിക്കറിയാം. അത് പറയേണ്ട സമയത്ത് പറയും. ഇപ്പോള്‍ പറയാന്‍ തടസമില്ല. ഇപ്പോള്‍ നിങ്ങളോട് അത് പറയേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണന്നും അത് നിങ്ങളില്‍ ചിലര്‍ക്ക് അറിയാമെന്നും ജയരാജന്‍ പറഞ്ഞു.

”ഞാന്‍ ഒരുപാട് സ്ഥാപനങ്ങള്‍ക്ക്, വ്യക്തികള്‍ക്ക്, പുതിയ സംരംഭകര്‍ക്ക് ഒരുപാട് സഹായങ്ങളും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാറുണ്ട്. ചില വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ എന്നാല്‍ കഴിയുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. കണ്ണൂരില്‍ പൂട്ടിക്കിടക്കുന്ന ഒരു വ്യവസായം എങ്ങനെയെങ്കിലും തുറക്കാനാകുമോയെന്നതാണ് ഇപ്പോള്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ ചില വ്യക്തികള്‍ തന്നെ രക്ഷപ്പെടാന്‍ എന്താ വഴി എന്ന് ചോദിച്ച് വരാറുണ്ട്. തന്നെ കൊണ്ട് കഴിയും വിധം സഹായിക്കാറുമുണ്ട്. അത് രാഷ്ട്രീയം നോക്കിയിട്ടല്ല”- ജയരാജന്‍ പറഞ്ഞു.

”നിങ്ങള്‍ എല്ലാ മാധ്യമങ്ങളും എന്റെ പേര് അടിച്ചില്ലേ?. എന്തിനാ അടിച്ചത്. നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ അടിച്ചോളൂ” – അദ്ദേഹം വ്യക്തമാക്കി. എം.വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഭാഗമാകുമോയെന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്ന് ജയരാജന്‍ മറുപടി നല്‍കി. ”ഞാന്‍ മാത്രമാണോ ജാഥയില്‍ പങ്കെടുക്കാത്തത്. നിങ്ങള്‍ക്ക് ഒരു ടാര്‍ജറ്റ് ഉണ്ട് എന്നെ. അങ്ങനെയുള്ള ചില മാധ്യമങ്ങളുമുണ്ട്. അതിനായി ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ചിലയാളുകള്‍ ഉപദേശവും നിര്‍ദേശവും കൊടുക്കുന്നു. അതിനനുസരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത മെനയുന്നു. നിങ്ങള്‍ മെനഞ്ഞെടുത്തോ, നിങ്ങള്‍ പ്രസിദ്ധീകരിച്ചോ എനിക്ക് അതൊരു പ്രശ്നമേയല്ല. ഞാന്‍ ജാഥ അംഗമല്ല. നല്ല നിലയില്‍ അതുമുന്നോട്ടുപോകുന്നു. നിങ്ങളില്‍ ചിലര്‍ അതിന്‍മേല്‍ ചളിവാരിയെറിയാന്‍ ശ്രമിക്കുകയാണ്” – ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: