
ബ്യൂണസ് ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന് നേരേ വെടിവെയ്പ്പ്. വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ തോക്കുധാരികളായ രണ്ട് പേര്‍ ചേര്‍ന്നാണ് വെടിവെയ്പ്പ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവ ശേഷം മെസ്സിയെ ഭീഷണിപ്പെടുത്തിയുള്ള സന്ദേശവും ഇവര്‍ അവിടെ ഉപേക്ഷിച്ചിട്ടുണ്ട്.
”മെസ്സി, ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ജാവ്കിന് നിങ്ങളെ സംരക്ഷിക്കാനാകില്ല.”- എന്നാണ് അക്രമികള്‍ ഉപേക്ഷിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്. റൊസാരിയോയിലെ മേയറാണ് പാബ്ലോ ജാവ്കിന്‍. നഗരത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ജാവ്കിന്‍ പ്രതികരിച്ചു.
തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍നിന്ന് ഏകദേശം 320 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.
സംഭവസമയത്ത് സൂപ്പര്‍ മാര്‍ക്കറ്റ് അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ ആര്‍ക്കും ആളപായമില്ല. 14 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.