IndiaNEWS

”എന്റെ ഫോണും പെഗാസസിലൂടെ ചോര്‍ത്തി, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി”

ലണ്ടന്‍: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേര്‍ക്ക് ആക്രമണം നടക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. തന്റെ ഫോണില്‍ ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. കേംബ്രിജ് ബിസിനസ് സ്‌കൂളിലെ ‘ലേണിങ് ടു ലിസണ്‍ ഇന്‍ ദി 21സ്റ്റ് സെഞ്ചറി’ എന്ന വിഷയത്തില്‍ എംബിഎ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാഹുലിന്റെ പ്രസംഗത്തിന്റെ വിഡിയോ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

”എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും പെഗാസസ് ഉണ്ട്. ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സമ്മര്‍ദ്ദമാണ് നിരന്തരമായി ഞങ്ങള്‍ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകള്‍ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെടേണ്ടാത്ത കേസുകളില്‍പ്പോലും എന്റെ നേരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവയാണ് ഞങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

ഭരണഘടനയില്‍ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ആ ഐക്യത്തെ നിലനിര്‍ത്തണമെങ്കില്‍ ചര്‍ച്ചകളും വിട്ടുവീഴ്ചകളും വേണം. ആ വിട്ടുവീഴ്ചകളുടെ നേര്‍ക്കാണ് ഇപ്പോള്‍ ആക്രമണവും ഭീഷണിയും. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ചില വിഷയങ്ങളില്‍ സമരം നടത്തുകയായിരുന്ന പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടച്ചു. ഇതു മുന്നോ നാലോ തവണ സംഭവിച്ചു. സംഘര്‍ഷാവസ്ഥയുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്കുനേരെയും മാധ്യമങ്ങള്‍ക്കുനേരെയും ആക്രമണം നടക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: