Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

പശ്ചിമ ബംഗാളിലെ അതിര്‍ത്തി ഭൂമി 45 ദിവസത്തിനകം ബി.എസ്.എഫിന് കൈമാറാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത് എന്തുകൊണ്ട്? സജീവമാകുന്ന ബംഗ്ലാദേശ് കുടിയേറ്റ പ്രശ്‌നം; കോട്ട കെട്ടുന്നതിലെ രാഷ്ട്രീയം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ ആദ്യ തീരുമാനങ്ങളിലൊന്ന് അതിര്‍ത്തി വേലികള്‍ കെട്ടുകയെന്നതായിരുന്നു. കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് മന്ത്രിസഭ ഭരണപരമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം സുപ്രധാന തീരുമാനമെടുത്തത്.

അതിര്‍ത്തി വേലി കെട്ടുന്നതിന് ആവശ്യമായ ശേഷിക്കുന്ന എല്ലാ ഭൂമിയും 45 ദിവസത്തിനകം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് (ബി.എസ്.എഫ്) വിട്ടുകൊടുക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്.

Signature-ad

ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഭൂമിയേറ്റെടുക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഒരു പ്രധാന തര്‍ക്കവിഷയമായിരുന്നു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) സര്‍ക്കാര്‍ ഭൂമി കൈമാറ്റം തടസപ്പെടുത്തുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടിക്കടി ആരോപിച്ചിരുന്നു.

‘നിയമവിരുദ്ധ കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ ഈ പദ്ധതികള്‍ തടസപ്പെടുത്തി. ഞങ്ങള്‍ ആ തടസങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്’- അധികാരി മാധ്യമങ്ങളോട് പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം, അതിര്‍ത്തി വേലി കെട്ടുന്നതിനായി ഏകദേശം 149 കിലോമീറ്ററില്‍ മാത്രമാണ് ഇനിയും ബാക്കിയുള്ളത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത് ബംഗാളിലെ അതിര്‍ത്തിയില്‍ 569 കിലോമീറ്റര്‍ ഭാഗം ഇനിയും വേലി കെട്ടാതെ കിടക്കുന്നു എന്നാണ്. ഇതില്‍ ‘112.780 കിലോമീറ്റര്‍ വേലി കെട്ടാന്‍ അനുയോജ്യമല്ലാത്തതും (non-feasible) 456.224 കിലോമീറ്റര്‍ വേലി കെട്ടാന്‍ അനുയോജ്യമായതുമാണ്’.

‘പശ്ചിമ ബംഗാളില്‍ വേലി കെട്ടാന്‍ അനുയോജ്യമായ 456.224 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍, 77.935 കിലോമീറ്ററിനുള്ള ഭൂമി നിര്‍വഹണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ള 378.289 കിലോമീറ്റര്‍ ദൂരത്തില്‍, 148.971 കിലോമീറ്ററിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ബാക്കിയുള്ള 229.318 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്’- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബി.ജെ.പി നേരത്തെ എന്താണ് പറഞ്ഞിട്ടുള്ളത്?

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോക്‌സഭയില്‍ നടന്ന തിരഞ്ഞെടുപ്പ് പരിഷ്‌കരണ ചര്‍ച്ചയ്ക്കിടെ, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടുന്നതിലുണ്ടായ കാലതാമസത്തെക്കുറിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അമിത് ഷാ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.

ഈ കാര്യത്തില്‍ തങ്ങളുടെ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബംഗാള്‍ മാത്രമാണ് പരാജയപ്പെട്ടതെന്ന് ആരോപിച്ച ഷാ, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കാനുള്ള ടി.എം.സി സര്‍ക്കാരിന്റെ ‘മടി’ കാരണമാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു.

‘കുടിയേറ്റം നടക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. ഇതിന് ഭാരത സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ? ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണു കുടിയേറ്റം നടക്കുന്നതെന്ന് ഇന്ന് ഞാന്‍ പ്രസ്താവിക്കാന്‍ ആഗ്രഹിക്കുന്നു’- 2,216 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 1,653 കിലോമീറ്ററിലും വേലി കെട്ടി കഴിഞ്ഞതായി വിശദീകരിച്ചുകൊണ്ട് ഷാ സഭയില്‍ പറഞ്ഞു.

‘പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വളരെ സാവധാനത്തിലുള്ളതും കൂടുതല്‍ സങ്കീര്‍ണ്ണവുമായ നേരിട്ടുള്ള ഭൂമി വാങ്ങല്‍ നയമാണ് പിന്തുടരുന്നതെന്ന് സമര്‍പ്പിക്കുന്നു. അതിര്‍ത്തി വേലി കെട്ടുന്നത് പോലുള്ള ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്ക് പോലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിസഹകരണമുണ്ട്. ഭൂമി ഏറ്റെടുക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുകയും വേലി കെട്ടുന്നതിനായി ഭൂമി കൈമാറുകയും ചെയ്താല്‍, കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്യും’- 2023 ഡിസംബര്‍ 11-ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ പറഞ്ഞു.

 

വേലി കെട്ടലിന്റെ നിലവിലെ അവസ്ഥ എന്താണ്?

ബംഗാള്‍ സര്‍ക്കാര്‍ 31 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ വേലി കെട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കലിന് ഇനിയും അനുമതി നല്‍കിയിട്ടില്ല. ഏകദേശം 182 കിലോമീറ്റര്‍ വേലിയുടെ നീളത്തിന് ആവശ്യമായ ഭൂമിക്കായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍നിന്ന് പണം ലഭിച്ചിട്ടുണ്ടെങ്കിലും, ഭൂമി നിര്‍വഹണ ഏജന്‍സിക്ക് ഇതുവരെ കൈമാറിയിട്ടില്ല. 7 കിലോമീറ്റര്‍ ദൂരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും ഭൂമിയുടെ മൂല്യനിര്‍ണയം നടത്തിയിട്ടില്ല, 9 കിലോമീറ്റര്‍ ദൂരത്തേക്ക് ആഭ്യന്തര മന്ത്രലായം ഇതുവരെ പണമൊന്നും നല്‍കിയിട്ടുമില്ല.

എന്തായിരുന്നു കാലതാമസത്തിന് കാരണം?

അതിര്‍ത്തി വേലി കെട്ടുന്നതിലുണ്ടായ കാലതാമസം പൂര്‍ണ്ണമായും രാഷ്ട്രീയ തടസങ്ങള്‍ കൊണ്ടാണെന്ന് പറയാന്‍ കഴിയില്ല. ബംഗാളിലെ അതിര്‍ത്തി ജില്ലകളായ പ്രത്യേകിച്ച് നാദിയ, മുര്‍ഷിദാബാദ്, 24 പര്‍ഗാനാസ് എന്നിവടങ്ങളില്‍ പ്രതിവര്‍ഷം മൂന്ന് വിളവെടുപ്പ് നടത്താന്‍ ശേഷിയുള്ള, രാജ്യത്തെ ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള കൃഷിഭൂമികളാണുള്ളത്. ഈ കാര്‍ഷിക സമൃദ്ധി രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറമുള്ള സങ്കീര്‍ണതകള്‍ ഭൂമി ഏറ്റെടുക്കലില്‍ സൃഷ്ടിക്കുന്നുണ്ട്.

2013-ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമം (LARR Act) അനുസരിച്ച്, ഇത്തരം പദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കലിന് സുതാര്യമായ നഷ്ടപരിഹാര സംവിധാനങ്ങളും പുനരധിവാസ നടപടികളും ആവശ്യമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറികടക്കാന്‍ കഴിയാത്ത നിയമപരമായ ആവശ്യകതകളാണിവ.

കര്‍ഷകരുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ്, ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുമെന്ന ആശങ്ക, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 150 വാര ഉള്ളിലായി വേലി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഭയം എന്നിവ ബംഗാളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയെ മന്ദഗതിയിലാക്കിയിട്ടുണ്ട്. എങ്കിലും, ബാക്കിയുള്ള വേലി നിര്‍മ്മാണ ജോലികളില്‍ ഭൂരിഭാഗവും ഈ ഒരു സംസ്ഥാനത്ത് മാത്രമാണ് അവശേഷിക്കുന്നത് എന്നത്, പദ്ധതി അവിടുത്തെ അസാധാരണമായ സങ്കീര്‍ണ്ണമായ ഉദ്യോഗസ്ഥതല ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന കേന്ദ്രത്തിന്റെ വാദത്തെ ശക്തിപ്പെടുത്തുന്നു.

കോടതി ഇടപെട്ടിരുന്നോ?

ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സമഗ്രമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിനോട് നവംബറില്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശിച്ചു, കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം പണം നല്‍കിയ ഭൂമി എന്തുകൊണ്ടാണ് കേന്ദ്രത്തിന് കൈമാറാത്തതെന്ന് ചോദ്യം ചെയ്യുകയും ചെയ്തു.

ഹൈക്കോടതിയിലും കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ‘സഹകരിക്കുന്നില്ല’ എന്നും ‘വേലി കെട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ ഗൗരവം കാണിക്കുന്നില്ല’ എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അശോക് ചക്രബര്‍ത്തി ഓഗസ്റ്റില്‍ ഡിവിഷന്‍ ബെഞ്ചിനോട് പറഞ്ഞു.

ടി.എം.സി എന്താണ് പറഞ്ഞത്?

കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മമത സര്‍ക്കാര്‍ ഊന്നിപ്പറയുകയും, ബംഗാളിനെ ‘തിരഞ്ഞുപിടിച്ച് ലക്ഷ്യം വയ്ക്കുകയാണെന്ന്’ ആരോപിക്കുകയും ചെയ്തു.

‘കുടിയേറ്റം പശ്ചിമ ബംഗാളിന്റെ മാത്രം പ്രശ്‌നമല്ല. അസം, ത്രിപുര ഉള്‍പ്പെടെയുള്ള അതിര്‍ത്തി പങ്കിടുന്ന എല്ലാ അയല്‍ സംസ്ഥാനങ്ങളിലും കുടിയേറ്റം നടക്കുന്നുണ്ട്. അസമിലും ത്രിപുരയിലും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഷാ മറുപടി പറയണം. അവിടെ അവര്‍ക്ക് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകളാണുള്ളത്. പഹല്‍ഗാം ആക്രമണം എങ്ങനെ സംഭവിച്ചു എന്ന് ഷാ മറുപടി പറയണം. അവിടുത്തെ സുരക്ഷ നേരിട്ട് അദ്ദേഹത്തിന്റെ കീഴിലാണ്. പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍നിന്ന് കടന്നുകൂടിയ ഭീകരര്‍ കാശ്മീരിനുള്ളില്‍ ഇത്രയധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചത് എങ്ങനെയാണ്? അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) പോലും ഷായുടെ കീഴിലാണ്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും മോശം ആഭ്യന്തര മന്ത്രിയാണ് അദ്ദേഹം’ ടി.എം.സി വക്താവ് അരൂപ് ചക്രബര്‍ത്തി പറഞ്ഞു.

#WestBengalGovernment, #SuvenduAdhikariCabinet, #BorderSecurityForce, #IndiaBangladeshBorderFencing, #LandAcquisitionWestBengal, #TMCvsBJP, #AmitShahLokSabha, #KolkataNews, #BorderSecurityIndia, #NationalSecurityUpdates, #PoliticalDecoded, #CalcuttaHighCourtBorderCase, #InfiltrationIssue, #BreakingNewsIndia, #IndianPoliticsMalayalam

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: