‘എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു; ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നു’– പ്രധാനമന്ത്രിയ്ക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വർക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വർണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യർഥിച്ചിരുന്നു.
‘സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നു’–രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും പ്രധാനമന്ത്രിയെ വിമർശിച്ചു. യുദ്ധം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തെപ്പോലെ, ഇന്ധനം ലാഭിക്കുന്നതിനായി കഴിയുന്നവരെല്ലാം വർക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ് ഞായറാഴ്ചത്തെ പ്രസംഗത്തിൽ മോദി അഭ്യർഥിച്ചത്. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കാൻ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.






