NEWSWorld

എം.എ യൂസഫലി മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍  ഒന്നാമത്

   മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് യൂസഫലിക്ക് പിന്നില്‍ രണ്ടാമതായി പട്ടികയിലുള്ളത്.  ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഡ്‌നന്‍ ചില്‍വാനാണ് മൂന്നാമതായി പട്ടികയില്‍.

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സി.ഇ.ഒ സുനില്‍ കൗശല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തായി പട്ടികയില്‍ ഇടം പിടിച്ചു. ഗസാന്‍ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥന്‍, ബുര്‍ജില്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍, ഇമാമി ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.

ഗള്‍ഫിലെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണ്ണായക സ്വാധീനമുള്ള അബുദാബി ചേംബറിന്റെ വൈസ് ചെയര്‍മാനായും യൂസഫലി പ്രവര്‍ത്തിക്കുന്നു. ഇതാദ്യമായാണ് ഏഷ്യന്‍ വംശജനായ ഒരു വ്യക്തിയെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉന്നത പദവിയില്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിച്ചത്. യുഎഇയുടെ വാണിജ്യ ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡും യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത ബന്ധമാണ് യൂസഫലിക്കുള്ളത്.

ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 247 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള 65,000 ലധികം ആളുകളാണുള്ളത്. യുഎസ്എ, യുകെ, സ്‌പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തായ്ലാന്‍ഡ് എന്നിങ്ങനെ 23 രാജ്യങ്ങളിലായി ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും ഗ്രൂപ്പിനുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: