ന്യൂഡല്‍ഹി: ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിനെതിരേ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യോട് കോടതി നിര്‍ദേശിച്ചു.
നേരത്തേ, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് ഓഹരി നിക്ഷേപകര്‍ക്കുണ്ടായ കോടികളുടെ നഷ്ടത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ക്കു പരിരക്ഷ നല്‍കാനുള്ള കാര്യക്ഷമമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധസമിതിയുടെ സാധ്യത ആരാഞ്ഞത്.
സമിതി രൂപീകരണത്തോടു കേന്ദ്രം യോജിച്ചെങ്കിലും സെബി പോലെയുള്ള നിയന്ത്രണ (റെഗുലേറ്ററി) ഏജന്‍സികള്‍ക്ക് ഒരു സമിതിയുടെ മേല്‍നോട്ടം ആവശ്യമാണെന്ന സന്ദേശം നിക്ഷേപകര്‍ക്കു ലഭിക്കുന്നതു വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചിരുന്നു.