CrimeNEWS

മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകന്റെ പരസ്യ അവഹേളനം; വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ജീവനൊടുക്കി

ഹൈദരാബാദ്: മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകന്‍ പരസ്യമായി അവഹേളിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ചു. ഹൈദരാബാദ് നാര്‍സിംഗിയിലെ ശ്രീചൈതന്യ ജൂനിയര്‍ കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയായ സാത്വിക് ആണ് മരിച്ചത്. കോളജില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും കണ്ണുപൊട്ടുന്ന രീതിയില്‍ ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന ആക്ഷേപം ശക്തമാണ്.

കഴിഞ്ഞ പരീക്ഷയില്‍ സാത്വികിനും മാര്‍ക്ക് കുറവായിരുന്നു. തുടര്‍ന്നു മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപകന്‍ മോശമായി പെരുമാറി. അപമാനിച്ച അധ്യാപകനെതിരേ പ്രിന്‍സിപ്പലിനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ അധ്യാപകന്‍ പ്രതികാര നടപടി തുടങ്ങി. ഇതു സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ നിന്നിറങ്ങി ക്ലാസ് മുറിയിലെത്തി സാത്വിക് തൂങ്ങി മരിച്ചത്.

സാത്വികിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കാന്‍ കോളജ് അധികൃതരോടു സഹായം ചോദിച്ചെങ്കിലും തയ്യാറായില്ലെന്നും ആരോപണമുണ്ട്. മരണവിവരം പുറത്തായതോടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധമാണുണ്ടായത്. സംഭവത്തില്‍ അധ്യാപകന്‍ കോളജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ഹൈദരാബാദ് പോലീസ് അറിയിച്ചു.

Back to top button
error: