HealthNEWS

ചൂടുമൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്; മുന്‍കരുതല്‍ അനിവാര്യം

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ചൂട് കടുത്തതോടെ ജാഗ്രതപുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ സൂര്യതപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍കരുതല്‍ അനിവാര്യമാണെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. താപനില പതിവിലും ഉയരുമ്പോള്‍ വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നു.

ചൂടുമൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്. ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഉടനടി ഡോക്ടറുടെ സേവനംതേടണം. സൂര്യാഘാതത്തെക്കാള്‍ കാഠിന്യംകുറഞ്ഞ അവസ്ഥയാണ് സൂര്യതപമേറ്റുള്ള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛര്‍ദിയും അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും മൂത്രത്തിന്റെ നിറം കടും മഞ്ഞനിറമാകുകയും ചെയ്യല്‍, ബോധക്ഷയം എന്നിവയാണ് സൂര്യതപമേറ്റുള്ള ശരീരശോഷണത്തിന്റെ ലക്ഷണങ്ങള്‍. കൂടുതല്‍സമയം വെയിലത്ത് ജോലി ചെയ്യുന്നവരിലാണ് സൂര്യതപമേല്‍ക്കുന്നത്.

ശരീരം ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. സൂര്യതപമേറ്റുവെന്ന് തിരിച്ചറിഞ്ഞാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെകാണുക. പൊള്ളിയഭാഗത്തെ കുമിളകള്‍ പൊട്ടിക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ആശുപത്രിയില്‍ ചികിത്സ തേടണം.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന മറ്റൊരു അവസ്ഥയാണ് ചൂടുകുരു. വിയര്‍പ്പിനെത്തുടര്‍ന്ന് ശരീരം ചൊറിഞ്ഞു തിണര്‍ക്കുന്നതാണ് ചൂട് കുരു. കുട്ടികളെയാണ് ഇത് കൂടുതല്‍ബാധിക്കുന്നത്. അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമാക്കുകയും വേണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

 

Back to top button
error: