KeralaNEWS

“എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ ?” പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വപ്ന സുരേഷ്

ബെംഗ്ലൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ് ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു സ്വപ്നയുടെ ചോദ്യം. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരട്ടെയെന്നാണ് സ്വപ്ന സുരേഷിൻറെ വെല്ലുവിളി.

നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പേസ് പാർക്കിലെ ജോലിക്ക് മുമ്പ് തന്നെ നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കും അറിയാം, ഇതിനിടയിലാണ് എം എ യൂസഫലിയുടെ എതിർപ്പ് വരുന്നത്. ഇതേത്തുടർന്നാണ് സ്പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനമായതെന്നാണ് സ്വപ്ന പറയുന്നത്. കച്ചവടങ്ങളുടെ കണ്ണിയായ താൻ രാജി വച്ചതറിഞ്ഞാണ് സിഎം രവീന്ദ്രൻ ഞെട്ടിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താൻ. യുഎഇ കോൺസുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകൾ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രൻ ഭയന്നുവെന്നും യൂസഫലി എന്തുകൊണ്ട് തന്നെ എതിർത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്താമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: